ബോളിങ്ങിൽ കൊടുങ്കാറ്റായി ആഞ്ഞുവീശിയ ചഹലും ബാറ്റുകൊണ്ട് വെടിക്കെട്ട് തീർത്ത് യുവതാരം ജെയ്സ്വാളും നായകൻ സഞ്ജു സാംസണും രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയമാണ് ഇന്നലെ സമ്മാനിച്ചത്. കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയെ നിശ്ചിത 20 ഓവറിൽ 149/8 എന്ന നിലയിൽ ഒതുക്കിയ രാജസ്ഥാൻ വെറും 13.1 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്നലെ നാല് വിക്കറ്റ് വീഴ്ത്തിയ ചഹാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. 57 റൺസെടുത്ത വെങ്കടേഷ് അയ്യർക്ക് മാത്രമേ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നായകൻ നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 26 റൺസ് അടിച്ചെടുത്ത ജെയ്സ്വാൾ നയം വ്യക്തമാക്കി. രണ്ടാം ഓവറിൽ ബട്ട്‌ലർ റൺഔട്ട് ആയെങ്കിലും സഞ്ജുവും ജൈസ്വാളും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ച് അവരെ വിജയത്തിൽ എത്തിച്ചു.
എങ്കിലും ഇരുവർക്കും അർഹിച്ച വ്യക്തിഗത നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞില്ലെന്നത് എല്ലാവരെയും നിരാശരാക്കി. ജെയ്‌സ്‌വാൾ 98 റൺസിലും സഞ്ജു 48 റൺസിലുമാണ് പുറത്താകാതെ നിന്നത്. വെറും 13 പന്തിൽ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കിയ ജെയ്സ്‌വാൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറിയാണ് നേടിയത്. അദ്ദേഹത്തിന് അർഹിച്ച സെഞ്ചുറി പൂർത്തിയാക്കാൻ നായകൻ സഞ്ജു സാംസൺ ആത്മാർത്ഥമായി ശ്രമിച്ചിരുന്നു.
സുയാഷ് ശർമ എറിഞ്ഞ പതിമൂന്നാം ഓവറിന്റെ അവസാന പന്തിൽ വൈഡ് ബൈ ഫോർ പോകേണ്ടിയിരുന്ന പന്ത് സഞ്ജു അതിവിദഗ്ധമായി ഡിഫൻഡ് ചെയ്തത് അതുകൊണ്ടാണ്. സഞ്ജുവിന് വേണമെങ്കിൽ ബൗണ്ടറി നേടി ടീമിനെ വിജയത്തിൽ എത്തിക്കുകയും തന്റെ അർദ്ധസെഞ്ചുറി നേട്ടം കൈവരിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ വെറും മൂന്നു റൺസ് അകലെ വിജയം അടുത്തുനിൽക്കെ സഞ്ജു യഥാർത്ഥ നായകന്റെ മാതൃക കാട്ടി. തുടർന്ന് സിക്സ് അടിച്ച് സെഞ്ചുറി പൂർത്തിയാക്കാൻ സഞ്ജു ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. എങ്കിലും അടുത്ത ഓവറിലെ ആദ്യ പന്തിൽ ഫോർ അടിക്കാനേ ജെയ്സ്വാളിന് സാധിച്ചുള്ളൂ. അതോടെ 98 റൺസിൽ ഇന്നിങ്സ് നിന്നുപോയി.