പതിനാല് സീസൺ, 12 പ്ലേഓഫ്, പത്ത് ഫൈനലുകൾ.. ഇങ്ങനെ പോകുന്നു ചെന്നൈയുടെ ഐപിഎല്ലിലെ റെക്കോർഡ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ഒരേയൊരു നായകൻ, പേര് മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ നായകത്വത്തിൽ ചെന്നൈ തങ്ങളുടെ പത്താം ഐപിഎൽ ഫൈനലിലേക്ക് യോഗ്യത നേടിക്കഴിഞ്ഞിരിക്കുകയാണ്. ഇന്നലെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ക്വാളിഫയർ ഒന്നിൽ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് കീഴടക്കിയായിരുന്നു ചെന്നൈയുടെ ഫൈനൽ പ്രവേശം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. ഓപ്പണർമാരായ ഗെയ്ക്വാദ് 60 റൺസും കോൺവെ 40 റൺസും എടുത്തു ടോപ് സ്കോറർമാരായി. ജഡേജ 16 പന്തിൽ 22 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് 20 ഓവറിൽ 157 റൺസിൽ എല്ലാവരും പുറത്തായി.42 റൺസെടുത്ത ഗില്ലിനും 30 റൺസെടുത്ത റാഷിദ് ഖാനും ഒഴികെ മറ്റാർക്കും ചെന്നൈ ബോളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
മത്സരത്തിൽ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ 7 പന്തിൽ 8 റൺസ് മാത്രം എടുത്ത് പുറത്തായത് വഴിത്തിരിവായി. അതിന് കാരണമായതാകട്ടെ ചെന്നൈ നായകൻ ധോണിയുടെ കൃത്യമായ തന്ത്രവും. മഹീഷ് തീക്ഷ്ണ എറിഞ്ഞ പവർപ്ലെയിലേ അവസാന ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു ഹാർദിക് പുറത്തായത്. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന പന്തിൽ കട്ട് ഷോട്ടിനു ശ്രമിച്ച അദ്ദേഹം, പോയിന്റിൽ നിന്നിരുന്ന ജഡേജയുടെ അനായാസ ക്യാച്ചിൽ മടങ്ങുകയായിരുന്നു.
അവിടെ ആ പൊസിഷനിൽ ഫീൽഡർ ഉണ്ടായിരുന്നില്ല. തൊട്ടുമുൻപത്തെ പന്തിൽ ലെഗ് സൈഡിൽ നിന്നിരുന്ന ജഡേജയെ, പോയിന്റിലേക്ക് ധോണി മാറ്റിനിർത്തുകയായിരുന്നു. അതുകഴിഞ്ഞുള്ള ആദ്യത്തെ പന്തിൽതന്നെ പാണ്ഡ്യ നേരെ ജഡേജയുടെ കയ്യിലേക്ക് അടിച്ചുകൊടുക്കുന്നു. അദ്ദേഹത്തിന് ഒരടിപോലും നീങ്ങേണ്ടി വന്നില്ല. ഇതുപോലെ ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും തന്റെ ഫീൽഡ് പ്ലൈസ്മെന്റ് മികവുകൊണ്ട് വിക്കറ്റുകൾ വീഴ്ത്തുന്നതിൽ ധോണി പണ്ടേ പുലിയാണ്.
വീഡിയോ..