ഇന്നലെ നടന്ന ഐപിഎൽ പതിനാറാം സീസണിലെ ഒന്നാം ക്വാളിഫയർ മത്സരം വിജയിച്ച് ഫൈനലിൽ എത്തിനിൽക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ ഇറങ്ങുന്ന അവർ, തങ്ങളുടെ പത്താം ഫൈനലാണ് കളിക്കാൻ പോകുന്നത്. അവരുടെ എതിരാളികൾ ആരെന്നറിയാനുള്ള ആകാംഷയിലാണ് ക്രിക്കറ്റ് ലോകം. ഇന്ന് രാത്രി നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ, പോയിന്റ് പട്ടികയിൽ മൂന്നാമതെത്തിയ ലഖ്നൗ സൂപ്പർ ജയന്റ്സ്, നാലാമതെത്തിയ മുംബൈ ഇന്ത്യൻസിനെയാണ് നേരിടുന്നത്.
ഇതിൽ വിജയിക്കുന്നവർ വെള്ളിയാഴ്ച രാത്രി നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയും നേരിടും. ആ പോരാട്ടത്തിലെ വിജയികളെയാണ് ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ നേരിടേണ്ടത്. അതിൽ ജയിക്കുകയാണെങ്കിൽ കിരീടനേട്ടത്തിൽ മുംബൈയുടെ റെക്കോർഡിനൊപ്പം എത്താൻ ചെന്നൈയ്ക്ക് സാധിക്കും. നിലവിൽ മുംബൈ അഞ്ചും ചെന്നൈ നാലും ഐപിഎൽ കിരീടങ്ങളാണ് നേടിയിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിൽനിന്നുള്ള ചെന്നൈ നായകൻ ധോണിയുടെ ഒരു നർമമുഹൂർത്തം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു അത്. ഓഫ്സ്റ്റമ്പിന് വെളിയിൽ എറിഞ്ഞ് ബാറ്ററേ എത്തിപ്പിടിച്ച് ഷോട്ട് കളിക്കാനായി പ്രേരിപ്പിക്കാൻ തന്ത്രംമെനഞ്ഞ ധോണി, ലെഗ് സൈഡ് ബൗണ്ടറി കാലിയാക്കി, എല്ലാവരെയും ഓഫ്സൈഡ് ബൗണ്ടറിയിൽ നിർത്തുകയായിരുന്നു.
എങ്കിലും വാലറ്റക്കാരനായ മുഹമ്മദ് ഷമിയെ ക്ലീൻബോൾഡ് ആക്കുക എന്ന ലക്ഷ്യത്തോടെയാകണം, തുഷാർ ദേശ്പാണ്ഡെ പന്ത് നേരെ വിക്കറ്റിലേക്ക് ഉന്നംവെച്ച് എറിഞ്ഞു. അപ്പോൾ നേരെ വന്ന പന്തിൽ ആഞ്ഞുവീശിയ ഷമി, ഒഴിഞ്ഞുകിടന്ന ലെഗ് സൈഡ് ബൗണ്ടറിയിലേക്ക് നിഷ്പ്രയാസം ഫോർ കണ്ടെത്തി. തെല്ലൊരു ജാള്യതയോടെ ധോണിയെ നോക്കുകയാണ് ദേശ്പാണ്ഡെ. അന്നേരം ഓഫ്സൈഡ് ബൗണ്ടറി ചൂണ്ടിക്കാണിച്ചുകൊണ്ട് ധോണി ചിരിച്ചുകൊണ്ട് ആംഗ്യം കാണിച്ചു.. നിന്നോട് ഞാൻ എവിടെ എറിയാനാടാ കുഞ്ഞിരാമാ പറഞ്ഞത്.. എന്നുള്ള തരത്തിൽ.. അവസാന പന്തിൽ അദ്ദേഹം അങ്ങനെ എറിഞ്ഞപ്പോൾ ഷമിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
വീഡിയോ..