Categories
Uncategorized

6,4,6 അവസാന കളിയിൽ ഇത്ര എങ്കിലും ചെയ്യണ്ടേ ? കളിയുടെ ഗതി മാറ്റിയ റായിടുവിൻ്റെ വെടിക്കെട്ട്

ചെന്നൈ സൂപ്പർ കിംഗ്സ് ടീമും ലോകമെമ്പാടുമുള്ള ആരാധകരും അവരുടെ അഞ്ചാം ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുകയാണ്. മഴമൂലം ഇന്ന് പുലർച്ചെവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ അവസാന പന്തിൽ ആയിരുന്നു അവരുടെ 5 വിക്കറ്റ് വിജയം. ജയിക്കാൻ ആവശ്യമായ 215 റൺസ് പിന്തുടരാനിറങ്ങിയ ചെന്നൈയെ വരവേറ്റത് ഉഗ്രൻ മഴ. ഒടുവിൽ മത്സരം വീണ്ടും ആരംഭിച്ചപ്പോൾ 15 ഓവറിൽ 171 റൺസായി വിജയലക്ഷ്യം. തുടർന്ന് അവസാന 2 പന്തുകളിൽ 10 റൺസ് വേണ്ട ഘട്ടത്തിൽ, സിക്സും ഫോറും പായിച്ച ജഡേജ ചെന്നൈയെ വിജയത്തിൽ എത്തിച്ചു.


ഇന്നലെ പത്താം ഐപിഎൽ ഫൈനൽ കളിച്ച ചെന്നൈ, 5 കിരീടങ്ങൾ നേടിയ മുംബൈയുടെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിംഗിൽ മികച്ച തുടക്കം നൽകി 25 പന്തിൽ 47 റൺസെടുത്ത ഡെവോൺ കോൺവെയാണ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഓറഞ്ച് തൊപ്പി ലിസ്റ്റിൽ 890 റൺസുമായി ഒന്നാമതെത്തിയ ഗുജറാത്ത് ഓപ്പണർ ഗിൽ തന്നെയാണ് ടൂർണമെന്റിന്റെ താരം. വിക്കറ്റ് വേട്ടക്കാരുടെ പർപ്പിൾ തൊപ്പി ലിസ്റ്റിൽ 28 വിക്കറ്റുകളുമായി ഗുജറാത്തിന്റെ തന്നെ പേസർ മുഹമ്മദ് ഷമി ഒന്നാമതെത്തി.


മത്സരത്തിൽ മോഹിത് ശർമ എറിഞ്ഞ പതിമൂന്നാം ഓവർ കളിയിൽ നിർണായകനിമിഷമായി. ഫൈനലിന് മുമ്പായി ഇത് തന്റെ അവസാന മത്സരം ആയിരിക്കും എന്നു പറഞ്ഞ അമ്പാട്ടി റായിഡു സ്ട്രെയിക്കിൽ. ആദ്യ പന്തിൽ ഓഫ് സ്‌റ്റമ്പിന് വെളിയിൽ സ്ലോബോൾ എറിഞ്ഞ മോഹിത്തിനെ, അദ്ദേഹം ലോങ് ഓഫിലേക്ക് കൂറ്റൻ സിക്സ് പായിച്ചു. രണ്ടാം പന്തിൽ എക്സ്ട്രാ കവറിലൂടെ കിടിലൻ പ്ലേസ്മെന്റ് ബൗണ്ടറി.

മൂന്നാം പന്തിൽ വീണ്ടും പന്ത് ഓഫ് സ്‌റ്റമ്പിന് വെളിയിൽ സ്ലോബോൾ, ലോങ് ഓഫിലേക്ക് തന്നെ വീണ്ടുമൊരു കൂറ്റൻ സിക്സ്! നാലാം പന്തിൽ ശർമയ്ക്ക് റിറ്റേൺ ക്യാച്ച് നൽകി 8 പന്തിൽ 19 റൺസോടെ റായിഡു മടങ്ങുന്നു. തുടർന്നെത്തിയ ധോണി നേരിട്ട ആദ്യ പന്തിൽ തന്നെ എക്സ്ട്രാ കവറിൽ മില്ലറിന് ക്യാച്ച് നൽകി പുറത്താകുന്നു. അതോടെയാണ് ജഡേജ ക്രീസിൽ എത്തുന്നത്. ജഡേജയുടെ ഫൈനൽ ഓവർ ഹീറോയിസത്തിൽ ചെന്നൈ ജയിക്കുമ്പോഴും, അവരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന ഓവർ കളിച്ച റായിഡുവിനും നന്ദി പറയണം.

വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *