Categories
Uncategorized

ഇന്ത്യക്ക് മികച്ചൊരു ഇടംകൈയ്യൻ ഓപ്പണർ; ജയ്സ്വാളിൻ്റെ ഓരോ ഷോട്ടും ക്ലാസ്സിക്.. വീഡിയോ കാണാം

ഇന്ത്യ വെസ്റ്റിൻഡീസ് ട്വൻ്റി ട്വൻ്റി പരമ്പരയിലെ നാലാം മത്സരത്തിൽ, ഇന്ത്യ ഇന്നലെ 9 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയം സ്വന്തമാക്കിയിരുന്നു. 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, ഓപ്പണർമാരായ ജൈസ്വാളിൻ്റെയും ഗില്ലിൻ്റെയും വെടിക്കെട്ട് അർദ്ധസെഞ്ച്വറികളുടെ മികവിൽ മൂന്നോവർ ശേഷിക്കെ വിജയത്തിലെത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-2ന് ഒപ്പമെത്തി. നിർണായകമായ അവസാന പോരാട്ടം ഇന്ന് രാത്രി നടക്കും.

യുഎസിലെ ഫ്ളോറിഡയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ്, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് നേടിയത്. പരമ്പരയിൽ ആദ്യമായി ഫോമിലെത്തിയ ഹേറ്റ്മെയർ 39 പന്തിൽ 61 റൺസ് നേടി ടോപ് സ്കോററായി. ട്വൻ്റി ട്വൻ്റി പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ഏകദിന നായകൻ ഷായി ഹോപ്, 29 പന്തിൽ 45 റൺസോടെ മികച്ച പിന്തുണ നൽകി. ഇന്ത്യൻ നിരയിൽ അർഷദീപ് സിംഗ് മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ അടിച്ചുതകർത്ത ജൈസ്വാളിൻ്റെ ബാറ്റിംഗ് ആത്മവിശ്വാസം പകർന്നു. ആദ്യം മെല്ലെ തുടങ്ങിയ ഗില്ലും പതിയെ ഷോട്ടുകൾ കളിച്ചു തുടങ്ങിയതോടെ, വെസ്റ്റിൻഡീസ് ബോളർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒന്നാം വിക്കറ്റിൽ 165 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 47 പന്തിൽ 3 ഫോറും 5 സിക്സും അടക്കം 77 റൺസ് എടുത്താണ് ഗിൽ പുറത്താകുന്നത്.

51 പന്തിൽ 11 ഫോറും 3 സിക്സും അടക്കം 84 റൺസോടെ പുറത്താകാതെ നിന്ന ജൈസ്വാളാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. തൻ്റെ രണ്ടാം T-20 മത്സരത്തിൽ തന്നെ അർദ്ധസെഞ്ചുറിയും കളിയിലെ താരവുമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ചുറിനേട്ടവും കളിയിലെ താരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഗ്രൗണ്ടിൻ്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച ഈ ഇടംകൈയ്യൻ ബാറ്റർ, ഇന്ത്യയുടെ ഭാവിവാഗ്ദാനമാണ്. തുടക്കം മുതലേ ആക്രമിച്ച് കളിച്ച് പവർപ്ലെയിൽ എതിർ ബോളർമാരെ സമ്മർദത്തിലാക്കാൻ അദ്ദേഹത്തിന് അനായാസം സാധിക്കുന്നു.

വീഡിയോ കാണാം..

Leave a Reply

Your email address will not be published. Required fields are marked *