ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ ആവേശ പോരാട്ടത്തിൽ ഇന്നലെ, ടീം ഇന്ത്യ പാക്കിസ്ഥാനെ 228 റൺസിന് കീഴടക്കിയിരുന്നു. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്, 32 ഓവറിൽ 128 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഫീൽഡിംഗ് സമയത്ത് പരുക്കേറ്റ രണ്ട് താരങ്ങൾക്ക് ബാറ്റിങ്ങിന് ഇറങ്ങാനും കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് പാക്ക് നിരയെ ചുരുട്ടിക്കൂട്ടി. 122 റൺസോടെ പുറത്താകാതെ നിന്ന വിരാട് കോഹ്‌ലി കളിയിലെ താരമായി.
ഞായറാഴ്ച ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അർദ്ധസെഞ്ചുറികൾ നേടിയ നായകൻ രോഹിത് ശർമയും ഗില്ലും മികച്ച തുടക്കം നൽകി. 24.1 ഓവറിൽ 147/2 എന്ന നിലയിൽ മഴമൂലം മത്സരം തടസ്സപ്പെട്ടു. തുടർന്ന് റിസർവ് ദിനമായ ഇന്നലെ കളി അതേ സ്കോറിൽ പുനരാരംഭിച്ചു. രാഹുലും കോഹ്‌ലിയും വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ 233 റൺസ് നേടി. ഏറെ നാളത്തെ പരിക്കിനും ചികിത്സയ്ക്കും ഒടുവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ രാഹുൽ 111 റൺസോടെ പുറത്താകാതെ നിന്നു.
ഇന്നലെ പാക്ക് ബാറ്റിംഗ് സമയത്ത് ഒരു നിർഭാഗ്യകരമായ സംഭവമുണ്ടായി. സ്‌പിന്നറായ ജഡേജയുടെ പന്തിൽ ഹെൽമെറ്റ് വയ്ക്കാതെ ബാറ്റ് ചെയ്ത പാക്ക് താരം ആഗാ സൽമാൻ്റെ മുഖത്ത്, ബാറ്റിൽ തട്ടി വന്ന പന്ത് പതിക്കുകയായിരുന്നു. പൊടുന്നനെ ചോര വരാനും തുടങ്ങി. ആ നിമിഷം തന്നെ വിക്കറ്റ് കീപ്പർ രാഹുൽ, ഓടിയെത്തി മുറിവ് പരിശോധിക്കുകയും അദ്ദേഹത്തിന് എങ്ങനെയുണ്ട് എന്ന് ആരായുകയും ചെയ്തിരുന്നു. രാഹുലിൻ്റെ ഈ കരുതൽ ഇൻ്റർനെറ്റിൽ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
വീഡിയോ കാണാം..