ഏഷ്യ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നാണ് ഇന്നലെ ശ്രീലങ്കയിലെ കൊളംബോയിൽ നടന്നത്. അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ രണ്ട് വിക്കറ്റിന് പാക്കിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ കടന്നു. ഒരു ഇന്ത്യ – പാക്കിസ്ഥാൻ ഫൈനൽ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ സമ്മാനിച്ച നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക, വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ടൂർണമെൻ്റിലും തങ്ങളെ ആരും എഴുതിതള്ളേണ്ടാ എന്നുള്ള മുന്നറിയിപ്പും നൽകിയിരിക്കുകയാണ്.
ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 42 ഓവറിൽ നേടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ്. ഓപ്പണർ ഷഫീഖ്(52), ഇഫ്തികർ(47), വിക്കറ്റ് കീപ്പർ റിസ്വാൻ(86*) എന്നിവർ ടോപ് സ്കോറർമാരായി. മഴമൂലം കളി തടസ്സപ്പെട്ടിരുന്നതുകൊണ്ട് ഓവറുകൾ ചുരുക്കിയിരുന്നു. അതുകൊണ്ട് ശ്രീലങ്കയുടെ വിജയലക്ഷ്യം 253 റൺസിന് പകരം മഴനിയമപ്രകാരം 42 ഓവറിൽ 252 റൺസായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണർമാരെ ചെറിയ സ്‌കോറിൽ നഷ്ടമായെങ്കിലും, മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് കുശാൽ മെൻഡിസും സമരവിക്രമയും അവരെ കരകയറ്റി.
91 റൺസ് എടുത്ത മെൻഡിസും 48 റൺസോടെ സമരവിക്രമയും പുറത്തായതോടെ പാക്കിസ്ഥാൻ മത്സരത്തിൽ പിടിമുറുക്കി. പിന്നീട് വിക്കറ്റുകൾ കൂട്ടത്തോടെ വീഴാൻ തുടങ്ങി. എങ്കിലും ഒരു വശത്ത് ശ്രദ്ധയോടെ ബാറ്റെന്തിയ ചരിത്ത് അസലങ്കയാണ് ശ്രീലങ്കയുടെ വിജയശിൽപി.
മറുവശത്ത് വന്നവരെല്ലാം സ്കോർ രണ്ടക്കം പോലും കാണാതെ പുറത്തകുമ്പോൾ അസലങ്കയുടെ ഒറ്റയാൾ പോരാട്ടം അവസാന പന്തിലേക്ക് മത്സരം നീട്ടിയെടുത്തു. രണ്ട് റൺസ് വേണ്ട അവസാന പന്തിൽ ലെഗ്സൈഡ് ബൗണ്ടറിയിലേക്ക് തട്ടിയിട്ട് ഡബിൾ ഓടിയ അസലങ്ക, തിങ്ങിനിറഞ്ഞ കൊളംബോ സ്റ്റേഡിയത്തിൽ ആവേശത്തിരമാലയ്ക്ക് തുടക്കമിട്ടു. 47 പന്തിൽ പുറത്താകാതെ 49 റൺസ് എടുത്ത അസലങ്കയ്ക്ക് ശ്രീലങ്കൻ ആരാധകരും ജയ് വിളിച്ചു.
അവസാന പന്ത് വീഡിയോ..