ഇന്നലെ ചെന്നൈയിൽവെച്ച് നടന്ന 2023 ഏകദിനലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ, ഓസ്ട്രേലിയയെ 6 വിക്കറ്റിന് കീഴടക്കിയ ടീം ഇന്ത്യ തുടക്കം ഗംഭീരമാക്കി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199 റൺസിൽ ഓൾഔട്ടായി. ജഡേജ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ബൂംറയും കുൽദീപും 2 വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 41.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.
എങ്കിലും സ്കോർബോർഡ് കാണിക്കുന്ന പോലെ എളുപ്പമല്ലായിരുന്നു ഇന്ത്യയുടെ റൺചേസ്. വെറും 2 റൺസ് എടുക്കുന്നതിനിടെ നിലംപൊത്തിയത് ഇന്ത്യയുടെ 3 വിക്കറ്റുകളാണ്. നായകൻ രോഹിത് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ പൂജ്യത്തിന് പുറത്ത്. എങ്കിലും നാലാം വിക്കറ്റിൽ 165 റൺസിൻ്റെ കൂട്ടുകെട്ട് സൃഷ്ടിച്ച വിരാട് കോഹ്‌ലിയും രാഹുലും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്.
സെഞ്ചുറിയിലേക്ക് ആദ്യം മുന്നേറിയിരുന്ന കോഹ്‌ലി, ഹസേൽവുഡിൻ്റെ പന്തിൽ 85 റൺസിന് പുറത്തായി. തുടർന്ന് എത്തിയ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച്, രാഹുൽ സെഞ്ചുറി നേട്ടം പൂർത്തിയാക്കുമെന്ന് ഒരു തോന്നലുണർത്തി. എങ്കിലും കളിയിലെ താരമായ രാഹുലിന് 97 റൺസിൽ നിൽക്കാനേ കഴിഞ്ഞുള്ളൂ. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമിൻസ് നാൽപ്പത്തിരണ്ടാം ഓവർ എറിയാൻ എത്തിയപ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 5 റൺസ്. ക്രീസിൽ 91 റൺസുമായി രാഹുലും.
ആദ്യ പന്തിൽ റൺ ഒന്നുമില്ല. രണ്ടാം പന്തിൽ എക്സ്ട്രാ കവറിനു മുകളിലൂടെ സിക്സ് നേടിയപ്പോൾ ഇന്ത്യൻ ആരാധകരുടെ വിജയാഘോഷം തുടങ്ങി. എന്നാൽ ക്രീസിൽ ഒരുനിമിഷം സ്തബ്ധനായി നിൽക്കുന്ന രാഹുലിനെയാണ് കാണാൻ സാധിച്ചത്. അദ്ദേഹം ആ പന്തിൽ ഒരു ബൗണ്ടറി മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നിട്ട് അടുത്ത പന്തിൽ സിക്സ് നേടി സെഞ്ചുറി നേട്ടവും വിജയവും ഒന്നിച്ച് പൂർത്തിയാക്കാനും. പക്ഷെ രാഹുലിൻ്റെ ടൈമിംഗ് അത്ര മികച്ചതായിരുന്നു. പന്ത് സിക്സ് പോയതിൻ്റെ നിരാശയും ടീമിനെ വിജയിപ്പിച്ചതിൻ്റെ സന്തോഷവും ഒന്നിച്ചൊരു മനോഹര നിമിഷം.
വീഡിയോ..