അഫ്ഗാനിസ്ഥാനെ 8 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ, ലോകകപ്പിൽ തങ്ങളുടെ തുടർച്ചയായ രണ്ടാം ജയം നേടിയിരിക്കുകയാണ്. ഡൽഹിയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് നേടിയത്. സെഞ്ചുറി നേടി കളിയിലെ താരമായ നായകൻ രോഹിത് ശർമയുടെയും(131) മികച്ച പിന്തുണ നൽകിയ കോഹ്‌ലി(55*), ഇഷൻ(47), ശ്രേയസ്(25*) എന്നിവരുടെയും മികവിൽ ഇന്ത്യ വെറും 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
നേരത്തെ ആദ്യ ബാറ്റിങ്ങിൽ 63/3 എന്ന നിലയിൽ നിന്നിരുന്ന അഫ്ഗാൻ ടീമിനെ കരകയറ്റിയത്, നാലാം വിക്കറ്റിൽ 121 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച നായകൻ ഷാഹിദിയും അസ്മത്തുള്ളയും ചേർന്നാണ്. 62 റൺസെടുത്ത അസ്മത്തുള്ളയെ മടക്കിയ ഹർദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. 80 റൺസെടുത്ത ഷാഹിദിയെ കുൽദീപും മടക്കി. വാലറ്റത്തെ ബൂംറയും ചുരുട്ടിക്കെട്ടിയതോടെ അഫ്ഗാൻ സ്കോർ 272 റൺസിൽ ഒതുങ്ങി.
അതിനിടെ മത്സരത്തിൽ ഉടനീളം തൻ്റെ ഹോംഗ്രൗണ്ടായ ഡൽഹിയിൽ വിരാട് കോഹ്‌ലിയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിൽ കോഹ്‌ലിയും അഫ്ഗാൻ പേസറായ നവീൻ ഉൾ ഹഖും ഗ്രൗണ്ടിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയിരുന്നു. ഇതിൻ്റെ തുടർച്ചയായി നവീൻ ഉൾ ഹഖ് ഫീൽഡിൽ ഇറങ്ങുമ്പോൾ എല്ലാം കോഹ്‌ലി ആരാധകർ അദ്ദേഹത്തെ ചൊടിപ്പിക്കാൻ കോഹ്‌ലി… കോഹ്‌ലി… വിളികൾ ഗാലറിയിൽ ഉയർത്തുക പതിവായിരുന്നു.
ഇന്ന് മത്സരത്തിനിടെ അത് ഉയർന്നുവന്ന സമയത്ത് വിരാട് കോഹ്‌ലി തന്നെ അവരോട് ശാന്തരാകാൻ പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, കോഹ്‌ലിയുടെ ബാറ്റിങ്ങിന് ഇടയിൽവെച്ച് നവീനും കോഹ്‌ലിയും പരസ്പരം പുഞ്ചിരിച്ച് സംസാരിക്കുകയും കൈകൊടുത്ത് പിരിയുകയും ചെയ്തു. പണ്ടൊരിക്കൽ വിവാദത്തിൽപ്പെട്ട ഓസീസ് താരം സ്റ്റീവൻ സ്മിത്തിനെ കാണികൾ കളിയാക്കിയപ്പോൾ അവരോട് അടങ്ങിയിരിക്കാൻ കോഹ്‌ലി നിർദേശം നൽകിയിരുന്നു. അതിനു സമാനമായ രീതിയിലാണ് ഇന്നും നടന്നത്.
വീഡിയോ..