നായകൻ രോഹിത് ശർമയും ബോളർമാരും മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ, ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ടീം ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി. ഇന്നലെ ലഖ്നൗവിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്താണ് വിജയിച്ചത്. ആദ്യമായി ഒന്നാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 40/3 എന്ന നിലയിൽ നിന്നും കരകയറി 50 ഓവറിൽ 229/9 എന്ന സ്കോറിൽ ഫിനിഷ് ചെയ്തു.
കളിയിലെ താരമായ നായകൻ രോഹിത് ശർമ(87), കെ എൽ രാഹുൽ(39), സൂര്യകുമാർ യാദവ്(49) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യക്ക് കരുത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ തകർത്തത് മനോഹരമായ പേസ് ബോളിങ്ങിലൂടെ ഷമിയും ബൂംറയും ചേർന്നാണ്. ഷമി നാലും ബൂംറ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ട് 34.5 ഓവറിൽ വെറും 129 റൺസിന് പുറത്തായി.
മത്സരത്തിൽ ഇംഗ്ലീഷ് ബാറ്റിങ്ങിന് ഇടയിൽ ഇന്ത്യയുടെ കുൽദീപ് യാദവ്, ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പന്തുകളിൽ ഒന്ന് എറിഞ്ഞിരുന്നു. പതിനാറാം ഓവറിലെ ആദ്യ പന്തിൽ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലറെ പുറത്താക്കിയതായിരുന്നു അത്. ഓഫ് സ്റ്റമ്പിനു വെളിയിൽ പിച്ച് ചെയ്ത പന്തിൽ ശ്രദ്ധാപൂർവം കളിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ, അദ്ദേഹത്തെ അമ്പരപ്പിച്ചുകൊണ്ട് പന്ത് മികച്ച രീതിയിൽ ടേൺ ചെയ്ത് ബാറ്റിനും പാഡിനും ഇടയിലൂടെ വിക്കറ്റിൽ കൊള്ളുകയായിരുന്നു.
വീഡിയോ..