Categories
Cricket India Video

വീണ്ടും പൊരുതി തോറ്റു അയർലൻഡ്; ആദ്യ 20-20 യിൽ ദക്ഷിണാഫ്രിക്കക്ക് വിജയം : ഹൈലൈറ്റ്സ് കാണാം

അയർലൻഡിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ജയിച്ച് കയറി പ്രോട്ടീസ്‌ ടീം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ 21 റൺസിനായിരുന്നു അയർലൻഡ് അടിയറവ് പറഞ്ഞത്. രണ്ട് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ത്തിൻെറ ലീഡ് നേടി.

ബ്രിസ്റ്റോളിലെ ഗ്ലോസിസ്റ്റർഷയർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആകെ പിറന്നത് 401 റൺസാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ട്വന്റി ട്വന്റി ക്യാപ്റ്റൻ ഡേവിഡ് മില്ലർ മത്സരത്തിനായി പൂർണ്ണ കായികക്ഷമത കൈവരിക്കാത്തത്കൊണ്ട് കേശവ് മഹാരാജ് ടീമിനെ നയിച്ചു.

സീനിയർ താരങ്ങളായ ഡീ കോക്കിനെയും വൻ ഡേർ ഡസ്സനെയും തുടക്കത്തിൽ തന്നെ നഷ്ടമായ അവർക്കുവേണ്ടി ഓപ്പണർ റിസ ഹെൻറിക്‌സും എയ്ഡൻ മാർക്രവും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് പടുത്തുയർത്തി. 53 പന്തിൽ 74 റൺസ് എടുത്ത റീസ ഹെൻറിക്‌സ് ആണ് കളിയുടെ താരം. എയ്ഡെൻ മാർക്രം 27 പന്തിൽ 56 റൺസ് നേടി. പതിനാറാം ഓവറിൽ 157 റൺസ് എടുത്തു നിൽക്കെ അടുത്തടുത്ത പന്തുകളിൽ ഇരുവരും പുറത്തായി. പിന്നീട് വന്ന ഡ്വായീൻ പ്രടോരിയുസ്, യുവതാരം ട്രിസ്സ്ടൻ സ്റ്റുബ്ബ്‌സ്‌ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് സ്കോർ 200 കടന്നത്. അയർലണ്ടിന്റെ ഗാരത് ഡിലാനി 2 വിക്കറ്റ് നേടി.

211 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് ടീമും മികച്ച പോരാട്ടവീര്യം ആണ് കാഴ്ചവെച്ചത്. ഓപ്പണർമാരായ പോൾ സ്‌റ്റർലിങ്ങും ക്യാപ്റ്റൻ ബാൽബർനിയും നന്നായി തുടങ്ങുകയും പിന്നീട് വൺ ഡൗണായി ഇറങ്ങിയ ലോർക്കൻ ടക്കർ അത് നിലനിർത്തുകയും ചെയ്തതോടെ അയർലൻഡ് പ്രതീക്ഷകൾ വാനോളം ഉയർന്നു. 38 പന്തിൽ നിന്ന് 5 സിക്സും 7 ബൗണ്ടറിയും അടക്കം 78 റൺസ് ആണ് ടക്കർ അടിച്ച് കൂട്ടിയത്.

Heighlights :

പക്ഷേ പിന്നീട് വന്ന താരങ്ങൾ സിംഗിൾ ഡിജിറ്റ് സ്കോറിൽ പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചു. എങ്കിലും അവസാന ഓവറുകളിൽ ആളിക്കത്തിയ ജോർജ് ഡോക്ക്‌റെൽ അയർലൻഡിനെ കളിയിൽ നിലനിർത്താൻ സഹായിച്ചു. 28 പന്തുകളിൽ നിന്നും 43 റൺസ് നേടി അദ്ദേഹം പുറത്തായി. അതോടെ അയർലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ദക്ഷിണാഫ്രിക്കക്കായി നായകൻ കേശവ് മഹാരാജ്, വെയ്ൻ പാർനൽ, ഷംസി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സമീപകാലത്ത് നടന്ന മത്സരങ്ങളിൽ അയർലൻഡ് ടീം മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്. മുൻനിര ടീമുകൾക്ക് എതിരെ നിസ്സാരമായി കീഴടങ്ങാതെ കഴിവിന്റെ പരമാവധി പോരാട്ടവീര്യം കാഴ്ചവെച്ച് കളിക്കുന്ന അയർലൻഡ് ടീമിന്റെ ഉയർച്ചയിൽ എല്ലാവരും സന്തോഷവാൻമാരാണ്. നേരത്തെ ഇന്ത്യയുമായി നടന്ന രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ വെറും നാല് റൺസ് വ്യത്യാസത്തിലാണ് അയർലൻഡ് പരാജയപ്പെട്ടത്. പിന്നീട് ന്യൂസീലണ്ട് ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിനും രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിനുമാണ് അവർ തോൽവി സമ്മതിച്ചത്. മൂന്നാം മത്സരത്തിൽ ചയ്‌സ് ചെയ്ത അവർ പരാജയപ്പെട്ടത് കേവലം ഒരു റണ്ണിനാണ്!!!

Leave a Reply

Your email address will not be published. Required fields are marked *