കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യൻ താരങ്ങളുടെ മിന്നുന്ന ഫീൽഡിംഗ് പ്രകടനം കൊണ്ട് ശ്രദ്ധേയമാവുന്നു. വനിതാ ക്രിക്കറ്റ് ഗോൾഡ് മെഡൽ പോരാട്ടത്തിൽ നിർണായക സംഭാവനകൾ നൽകി ഫീൽഡിംഗ് യൂണിറ്റ് കരുത്തരായ ഓസീസിനെ പിടിച്ച് കെട്ടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ഇന്ത്യയുടെ സ്പിൻ ബോളർ രാധ യാദവ് രണ്ട് മികച്ച പ്രകടനങ്ങളാണ് ഒന്നിന് പിറകെ ഒന്നായി നടത്തിയത്. ആദ്യം സ്വന്തം ബോളിങ്ങിൽ വളരെ അപകടകാരിയായ ഓസീസ് നായിക മെഗ് ലാനിങ്ങിനെ റൺ ഔട്ട് ആക്കി. തന്റെ ആദ്യ ഓവറിൽ 3 റൺസ് മാത്രം വഴങ്ങി രാധ മത്സരത്തിന്റെ ഏഴാം ഓവറിൽ. പിന്നീട് എറിയാൻ എത്തിയത് പതിനൊന്നാം ഓവറിൽ.
പതിനൊന്നാം ഓവറിലെ ആദ്യ പന്തിൽ സ്ട്രിക്കിൽ ഉണ്ടായിരുന്നത് ബെത് മൂണി. ഡിഫൻഡ് ചെയ്ത മൂണി നേരെ ബോളരുടെ കയ്യിലേക്ക് പന്ത് അടിക്കുമ്പോഴേക്കും നോൺ സ്ട്രൈക്കിങ് എൻഡിൽ ഉണ്ടായിരുന്ന ലാനിങ് ക്രീസ് വിട്ടു മുന്നോട്ട് പോയി. ഒരു മികച്ച അണ്ടർ ആം ത്രോയിലൂടെ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് റൺ ഔട്ട് ആയത്. സ്വന്തം കണ്ണുകളെ തന്നെ വിശ്വസിക്കാൻ പാടുപെടുന്ന രാധയെ സഹതാരങ്ങൾ പൊതിഞ്ഞു.
പിന്നീട് പോയിന്റിൽ ഫീൽഡ് ചെയ്യുമ്പോൾ ഒരു കിടിലൻ ക്യാച്ച് കൂടി രാധ സ്വന്തം പേരിലാക്കി. ഓസീസ് ഓൾറൗണ്ടർ തലിയ മഗ്രാത്ത് ആയിരുന്നു പുറത്തായത്. ദീപ്തി ശർമയുടെ പന്തിൽ കട്ട് ഷോട്ടിന് ശ്രമിച്ച താലിയ പന്ത് ഉയർത്തി അടിച്ചപ്പോൾ ഇടത്ത് വശത്തേക്ക് ഫുൾ ലെങ്ങ്‌ത് ഡൈവിൽ പറന്ന് പന്ത് കൈപ്പിടിയിൽ ഒതുക്കി രാധ.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയൻ വനിതകൾ ബാറ്റിംഗ് തെരഞ്ഞെടുത്തു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് ആണ് അവർ നേടിയത്. ബേത് മൂണി 41 പന്തിൽ 8 ബൗണ്ടറി അടക്കം 61 റൺസ് നേടി ടോപ് സ്കോറർ ആയി. മെഗ് ലാനിങ്ങ് 36 റൺസും ഗാർഡ്നേർ 25 റൺസും എടുത്തു.
ഇന്ത്യൻ ബോളർമാരും ഫീൽഡർമാരും മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. രേണുക സിംഗ്, സ്നേഹ് റാണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രാധ യാദവ് നാല് ഓവറിൽ വെറും 24 റൺസ് വഴങ്ങി ഒരു വിക്കറ്റും ഒരു റൺ ഔട്ടും ഒരു കിക്കിടിലൻ ക്യാച്ചും സ്വന്തം പേരിലാക്കി.