വീണ്ടും വീണ്ടും സഞ്ജു… സഞ്ജു… വിളികളുമായി ഫ്ളോറിഡയിലെ ആരാധകർ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഈയിടെയായി എവിടെ പോയാലും അനേകം പേരുടെ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്ന സഞ്ജുവിന് ഇപ്പോൾ മലയാളികളുടെ മാത്രമല്ല, മൊത്തം ഇന്ത്യയുടെ സപ്പോർട്ട് ഉണ്ട്.
ഇന്നലെ പരമ്പരയിലെ അവസാന ട്വന്റി ട്വന്റി മത്സരവും ജയിച്ച് 4-1 ന് ഇന്ത്യ ചാമ്പ്യൻമാരായിരുന്നു. മത്സരത്തിന് ശേഷവും കാണികൾ സ്റ്റേഡിയം വിട്ടുപോകാതെ തങ്ങളുടെ പ്രിയ താരങ്ങളെ കുറെ നേരം കൂടി കാണാനും ചിത്രങ്ങളും വീഡിയോകളും എടുക്കാനും കാത്തുനിൽക്കുന്ന കാഴ്ചയാണ് ഇന്നലെ ഫ്ളോറിഡയിലെ ലോഡർഹിൽ മൈതാനത്ത് കണ്ടത്.
അമേരിക്കയിൽ വളരെ അപൂർവമായി മാത്രമേ ഇന്ത്യ ക്രിക്കറ്റ് കളിക്കാൻ പോയിട്ടുള്ളു. അതു കൊണ്ടുതന്നെ തങ്ങളുടെ താരങ്ങളെ കാണാൻ കിട്ടിയ അവസരം മുതലാക്കി അമേരിക്കയുടെ പല ഭാഗങ്ങളിലും നിന്നുള്ള കാണികൾ ഫ്ളോറിഡയിലെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അക്കൂട്ടത്തിൽ ഒരുപാട് അമേരിക്കൻ മലയാളികളും ഉണ്ടായിരുന്നു. സഞ്ജുവിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകളും ബാനറുകളും പ്ലക്കാർഡുകളും ഏന്തി ഒരുപാട് പേരെ ഗ്രൗണ്ടിൽ കാണാമായിരുന്നു.
മത്സരശേഷം ഗ്രൗണ്ടിന്റെ ഒരു വശത്ത് നിർത്തിയിട്ടിരുന്ന ഗോൾഫ് കാറിൽ നായകൻ രോഹിത് ശർമ കയറിപ്പറ്റി. കൂടെ സഞ്ജു സാംസൺ, ദിനേശ് കാർത്തിക്, അശ്വിൻ എന്നിവരെയും കാണാമായിരുന്നു. അതിനിടെയാണ് സഞ്ജു ആരാധകർ തങ്ങളുടെ പ്രിയതാരത്തിനായി ആർപ്പുവിളികളും കയ്യടികളുമായി ഗാലറിയെ ശബ്ദമുഖരിതമാക്കിയത്. സഞ്ജു ഫാൻസിന്റെ പവർ കണ്ട മറ്റു ഇന്ത്യൻ താരങ്ങൾ കൂടി അവരുടെ കൂടെ ചേർന്ന് ജയ് വിളിച്ചു ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്തെത്തി.
ഡീ കെയും അശ്വിനും കൂടി സഞ്ജുവിനെ വീണ്ടും വീണ്ടും ജയ് വിളിക്കാൻ നിർദേശം നൽകിക്കൊണ്ടിരുന്നു. ഒരു പുഞ്ചിരിയോടെ രോഹിത് ശർമയും ഇരുന്നു. ലാസ്റ്റ് സഞ്ജു തിരിച്ച് കാണികൾക്ക് മുന്നിൽ നന്ദി അർപ്പിച്ചു സല്യൂട്ട് അടിച്ചു നിന്നപ്പോൾ കാതടപ്പിക്കുന്ന ആരവമായിരുന്നു കേട്ടത്. പിന്നീട് രോഹിത് രോഹിത് വിളികളും മുഴങ്ങി.
നേരത്തെ നാലാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ടീമിലെ മാറ്റങ്ങൾ പറയുമ്പോൾ സഞ്ജുവിന്റെ പേര് കേട്ടതും സ്റ്റേഡിയം ഇളകിവശായി. ഒരു തെല്ല് അമ്പരപ്പോടെ രോഹിത് സംഭാഷണം തുടർന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. നാലാം മത്സരത്തിൽ 23 പന്തിൽ 30 റൺസും അവസാന മത്സരത്തിൽ 11 പന്തിൽ 15 റൺസും ആണ് പരമ്പരയിൽ സഞ്ജു നേടിയത്. അയർലൻഡ് പര്യടനത്തിന്റെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഹർദിക് പാണ്ഡ്യ സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ ഗാലറിയിൽ നിന്നും ഉയർന്ന കരഘോഷവും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.