2022ലെ റോയൽ ലണ്ടൻ ഏകദിന കപ്പിൽ അറ്റാക്കിങ് ബാറ്റിങ്ങിലൂടെ ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യൻ മുതിർന്ന താരം ചേതേശ്വർ പൂജാര.
സ്ലോ ബാറ്റിങ്ങിനും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിനും പേരുകേട്ട ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര് പൂജാരയാണ് ചെയ്‌സിങ്ങിൽ ഒരോവറിൽ 22 റൺസ് അടിച്ചു കൂട്ടിയത്. ഒപ്പം 73 പന്തിൽ സെഞ്ചുറിയും പൂർത്തിയാക്കിയിട്ടുണ്ട്.
വാർവിക്ഷയറിനെതിരെ 311 റൺസ് പിന്തുടർന്ന് ഇറങ്ങിയ സസ്സെക്സിന് വേണ്ടിയാണ് പൂജാര തന്റെ പതിവ് ശൈലി മാറ്റിവെച്ച് അറ്റാക്കിങ് ശൈലി പുറത്തെടുത്തത്. പൂജാര 79 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ 107 റൺസ് നേടി. 45ആം ഓവറിലാണ് പൂജാര 22 റൺസ് അടിച്ചു കൂട്ടിയത്. 4, 2, 4, 2, 6, 4 എന്നിങ്ങനെയാണ് ആ ഓവറിൽ പൂജാര സ്‌കോർ ചെയ്തത്.
അതേസമയം പൂജാരയുടെ തകർപ്പൻ ഇന്നിംഗ്സ് സസ്സക്സിന് ജയം നേടി കൊടുക്കാനായില്ല. 4 റൺസിന് പരാജയപ്പെടുകയായിരുന്നു. 22ആം ഓവറിൽ നാലാമനായി ക്രീസിൽ എത്തിയ പൂജാര 49ആം ഓവറിലാണ് പുറത്തായത്. പൂജാരയെ കൂടാതെ അലി ഒറും സസ്സക്സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയിട്ടുണ്ട്.
അവസാന രണ്ടോവറില്‍ 20 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പൂജാര പുറത്തായതോടെ വിജയത്തിനരികെ സസ്സക്സ് വീണു. അവസാന ആറോവറില്‍ സസ്സക്സിന് 67 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 102 പന്തിൽ 3 സിക്‌സും 6 ഫോറും ഉൾപ്പെടെ 82 റൺസ് നേടി. ആദ്യം ബാറ്റ് ചെയ്‌ത വാർവിക്ഷയറിന് വേണ്ടി റോബ് യട്സ് (111 പന്തിൽ 114), വിൽ റോഡ്‌സ് (70 പന്തിൽ 76) എന്നിവർ തിളങ്ങി.