വെറും 17 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് വിജയിപ്പിക്കാൻ പ്രധാന പങ്കുവഹിച്ചത്. 29 പന്തിൽ 2 ഫോറും 2 സിക്‌സും സഹിതം 35 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ സംഭാവന മറക്കാൻ കഴിയില്ല. അഞ്ചാം വിക്കറ്റിൽ ജഡേജയും ഹാർദിക്കും 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
അതേസമയം ജഡേജയുമായി ബന്ധപ്പെട്ട് മത്സരശേഷം രസകരമായ സംഭവമുണ്ടായി. മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറായിരുന്നു മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിന്റെ പ്രധാന
ചുമതലകൾ നിർവഹിച്ചത്,
അദ്ദേഹത്തിന് ജഡേജയുമായി അഭിമുഖം നടത്തേണ്ടി വന്നു.
ഇരുവരും തമ്മിൽ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ ഒരിക്കൽ ഏറ്റുമുട്ടിയത് ആരാധകർ ഒരിക്കലും മറക്കാനിടയില്ല. 2019ലോകക്കപ്പിനിടെ ജഡേജയെ രൂക്ഷമായി മഞ്ജരേക്കർ വിമർശിച്ചിരുന്നു. നിങ്ങൾ കളിച്ചതിനെക്കാൾ ഇരട്ടി മത്സരം ഞാൻ കളിച്ചിട്ടുണ്ട്, ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. നേട്ടങ്ങൾ കൈവരിച്ചവരെ ബഹുമാനിക്കാൻ പഠിക്കുക എന്നായിരുന്നു മറുപടിയായി ജഡേജ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ആദ്യമായിട്ടാണ് ആ സംഭവങ്ങൾക്ക് ശേഷം ഇരുവരും നേരിട്ട് കാണുന്നത്. അതിനാൽ മഞ്ജരേക്കർ ജഡേജയുമായുള്ള അഭിമുഖം തുടങ്ങിയത് തന്നെ വ്യത്യസ്തമായിട്ടായിരുന്നു: ” രവീന്ദ്ര ജഡേജ എന്നോടൊപ്പം ഇവിടെയുണ്ട്, ആദ്യത്തെ ചോദ്യം, എന്നോട് സംസാരിക്കാൻ നിങ്ങൾക്ക് കുഴപ്പമില്ലലോ അല്ലേ?”. ചിരിച്ച് കൊണ്ട് എനിക്ക് ഒരു പ്രശ്നവുമില്ല എന്നായിരുന്നു ഇതിന് ജഡേജ മറുപടി നൽകിയത്.
ഇതിന്റെ വീഡിയോകൾ നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
അതേസമയം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കഠിനാധ്വാനത്തിലൂടെ ജഡേജ കൈവരിച്ച വളർച്ച മഞ്ജരേക്കറിനുള്ള മറുപടി കൂടിയാണ്. ഇന്ന് ജഡേജ ഇന്ത്യയുടെ വിശ്വസ്തനായ ഓൾ റൗണ്ടറാണ്.