ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിന്റെ എല്ലാ സൗന്ദര്യവും ഉണ്ടായിരുന്ന ഇന്നലത്തെ മത്സരത്തിൽ അവസാന ഓവർ വരെ കാണികളെ ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തിയായിരുന്നു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഹാർദിക്ക് പാണ്ഡ്യയുടെ(33*) ഇന്നിങ്സ് മികവിൽ 5 വിക്കറ്റിനു ഇന്ത്യ ജയിച്ച് കയറുകയായിരുന്നു, ടോസ്സ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ പാക്കിസ്ഥാൻ മുൻനിരയ്ക്ക് കാലിടറി.
മൂന്നാമത്തെ ഓവറിൽ ഭുവനേശ്വർ കുമാർ നായകനും സൂപ്പർ താരവുമായ ബാബർ അസമിനെ വീഴ്ത്തിക്കൊണ്ടാണ് പാകിസ്താന് ആദ്യ പ്രഹരം എല്പിച്ചത്.മറുവശത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ (43) നന്നായി കളിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി,
മുഹമ്മദ് റിസ്‌വാനും 28 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് ഉം ചേർന്ന് പാക്കിസ്ഥാൻ സ്കോർ ചലിപ്പിച്ചെങ്കിലും ഇരുവരെയും വീഴ്ത്തി ഹാർദിക്ക് പാണ്ഡ്യ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു,
പിന്നീട് വന്ന പാകിസ്താന്റെ ഓരോ ബാറ്ററും പവലിയനിലേക്ക് കൂട്ടത്തോടെ മടങ്ങിയപ്പോൾ 128/9 എന്ന നിലയിൽ പാക്കിസ്ഥാൻ കൂപ്പു കുത്തി, എന്നാൽ വാലറ്റക്കാരായ ഹാരിസ് റൗഫ് ഉം (13) ഷാനവാസ് ദഹാനിയും (16) ചേർന്ന് അവസാന ഓവറുകളിൽ ചെറുത്ത് നിന്നപ്പോൾ പാക്കിസ്ഥാൻ 147 എന്ന മാന്യമായി സ്കോറിൽ എത്തി, ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാർദിക്ക് പാണ്ഡ്യ 3 വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി, നേരിട്ട ആദ്യ പന്തിൽ തന്നെ നസീം ഷാ രാഹുലിന്റെ കുറ്റി തെറിപ്പിച്ചു, മറുവശത്ത് താളം കണ്ടെത്താനാകാതെ ക്യാപ്റ്റൻ രോഹിത് ശർമയും നന്നേ വിഷമിച്ചു, എന്നാൽ ക്രീസിലെത്തിയ വിരാട് കോഹ്ലി തന്റെ പഴയ നാളുകളെ ഓർമിപ്പിക്കുന്ന വിധത്തിൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ കളിച്ചു, ഫോമിലേക്ക് തിരിച്ച് വരുന്നതിന്റെ സൂചനകൾ കോഹ്ലിയുടെ (35) ഇന്നിങ്സിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു, കോഹ്ലി പുറത്തായതിന് ശേഷം രവീന്ദ്ര ജഡേജയുടെയും അവസാന ഓവറുകളിൽ ആത്മവിശ്വാസത്തോടെ ക്രീസിൽ നിന്ന ഹാർദിക്കിന്റെയും പോരാട്ട വീര്യത്തിന് മുന്നിൽ പാകിസ്താന് മറുപടി ഉണ്ടായിരുന്നില്ല.
കാണികൾ ഏതൊരു മൽസരത്തിന്റെയും അവിഭാജ്യ ഘടകമാണ്, മത്സരത്തിന്റെ ചടുലതയ്ക്കും സൗന്ദര്യത്തിനും മിഴിവേകാൻ കാണികളുടെ സാന്നിധ്യം അത്രയേറെ വലിയ പങ്കാണ് വഹിക്കുന്നത്, കാണികളുടെ ആവേശ പ്രകടനങ്ങൾ പലപ്പോഴും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാറുമുണ്ട്, കൊറോണ കാലത്ത് കാണികളെ പ്രവേശിപ്പിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ പല മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്നിട്ടുണ്ട്, അപ്പോഴാണ് എല്ലാവർക്കും കാണികളുടെ സാന്നിധ്യം ഇല്ലെങ്കിൽ മത്സരങ്ങൾ എത്രത്തോളം അപൂർണമാണെന്ന് മനസ്സിലായത്, തിങ്ങി നിറഞ്ഞ സ്റ്റേഡിയം ആണ് എന്നത്തേയും പോലെ ഇന്നലത്തെ ഇന്ത്യ-പാക് മത്സരത്തിനും സാക്ഷ്യം വഹിച്ചത്, അത്രയേറെ ആവേശത്തോടെയാണ് മത്സരത്തിലെ ഓരോ നിമിഷങ്ങളും കാണികൾ ആസ്വദിച്ചത്.