Categories
Uncategorized

ഇത് ഇന്ത്യയുടെ സ്കൈ 360°!വിക്കറ്റിന് പിന്നിലേക്ക് പടുകൂറ്റൻ സിക്സുമായി സൂര്യകുമാർ യാദവ്; വീഡിയോ കാണാം

ഏഷ്യ കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ജയിച്ച ടീം ഇന്ത്യ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് പ്രവേശനം നേടി. ആദ്യ മത്സരത്തിൽ ഞായറാഴ്ച പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ, ഇന്നലെ ഹോങ്കോങ്ങിനെതിരെ 40 റൺസിനാണ് വിജയിച്ചത്. മത്സരത്തിൽ സൂര്യകുമാർ യാദവ് പ്ലേയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

26 പന്തിൽ നിന്നും പുറത്താകാതെ 68 റൺസ് നേടിയ മിഡിൽ ഓർഡർ ബാറ്റർ സൂര്യകുമാർ യാദവിന്റെ മികവിലാണ് ഇന്ത്യ അനായാസം മത്സരം കൈപ്പിടിയിലൊതുക്കിയത്.
6 വീതം ബൗണ്ടറിയും സിക്സും താരം അടിച്ചുകൂട്ടിയിരുന്നു. വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയും യാദവും 98 റൺസാണ് കൂട്ടിച്ചേർത്തത്. കോഹ്‌ലി 44 പന്തിൽ 59 റൺസോടെ പുറത്താകാതെ നിന്നു.

മത്സരത്തിന്റെ പതിനാറാം ഓവറിൽ പിറന്ന ഒരു സിക്സ് സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഐസാസ് ഖാൻ എറിഞ്ഞ ഓവറിന്റെ നാലാം പന്തിലായിരുന്നു സൂര്യ ഷോ. മുൻകൂട്ടി തീരുമാനിച്ചു ഉറപ്പിച്ചാണ് താരം നിന്നത്. പന്ത് വന്നതും അതിന്റെ വേഗത്തെ മുതലെടുത്ത് ഒരു കാൽമുട്ട് പിച്ചിൽ കുത്തി മറ്റെ കാൽ മാക്സിമം സ്ട്രെച്ച് ചെയ്ത് പിറകിൽ ഫൈൻ ലെഗിലേക്ക് കളിക്കുകയായിരുന്നു.

പന്ത് വിക്കറ്റ് കീപ്പറൂടെ തലയ്ക്ക് മുകളിലൂടെ പറന്ന് നേരെ പോയി ഗാലറിയിൽ പതിക്കുകയായിരുന്നു. പേസ് ബോളറുടെ വേഗം കൂടിയ പന്തായിരുന്നത് കൊണ്ട് റാമ്പ്‌ ഷോട്ട് നിഷ്പ്രയാസം കളിക്കാൻ സാധിച്ചു. 69 മീറ്റർ ദൂരത്തേക്കാണ് പന്ത് പോയത്. ഷോട്ടിന് ശേഷം അപ്പുറത്ത് ഉണ്ടായിരുന്ന വിരാട് കോഹ്‌ലി താരത്തെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു.

10 ഓവറിൽ 70/1 എന്ന നിലയിൽ ആയിരുന്ന ഇന്ത്യയെ 20 ഓവറിൽ 192/2 ൽ എത്തിക്കണമെങ്കിൽ ആ കളിക്കാരന്റെ റേഞ്ച് ഒന്നാലോചിച്ചു നോക്കൂ. ഒക്ടോബർ മാസത്തിൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിൽ തീർച്ചയായും ഇന്ത്യയുടെ തുറുപ്പുചീട്ട് ആകാൻ സാധ്യതയുള്ള ഒരു താരമാണ് അദ്ദേഹം.

https://twitter.com/cricket82182592/status/1564997481410461696?t=NzYwdVHJa9gajATDhfNakg&s=19

ഇന്ത്യൻ T20 ടീമിന്റെ അവിഭാജ്യ ഘടകമായി മാറി കൊണ്ടിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഷോട്ട് ഉതിർക്കാനുള്ള കഴിവാണ് താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. സൗത്ത് ആഫ്രിക്കൻ ടീമിൽ എ ബി ‌‍ഡി വില്ലിയേഴ്സ് കളിച്ചപോലെത്തെ 360° ഷോട്ടുകൾ ഇപ്പോൾ ഇന്ത്യൻ ടീമിലും കളിക്കാൻ കഴിയുന്ന ഒരു താരത്തെ ലഭിച്ചിരിക്കുന്നു എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *