ഏഷ്യകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ 40 റൺസിന്റെ വിജയവുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി, അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും (59), വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച ഇന്ത്യയുടെ എ. ബി ഡിവില്ലിയേഴ്‌സ് എന്നറിയപ്പെടുന്ന സൂര്യകുമാർ യാദവിന്റെയും (68) പ്രകടനങ്ങളാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്.
മത്സരത്തിൽ ടോസ്സ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാൻ ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, ഹാർദിക്ക് പാണ്ഡ്യക്ക് ഇന്ത്യ വിശ്രമം അനുവദിച്ചപ്പോൾ, ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഇന്ത്യൻ നിരയിൽ ഇടം നേടി, പവർ പ്ലേ ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആക്രമിച്ച് കളിച്ചെങ്കിലും ആ ഇന്നിങ്ങ്സിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, മറു വശത്ത് കെ.എൽ രാഹുൽ ഏകദിന ശൈലിയിൽ പതുക്കെ ആണ് ബാറ്റ് വീശിയത്, രാഹുലിന്റെ ഈ മെല്ലെപ്പോക്ക് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത നന്നേ കുറച്ചു, 39 പന്തുകൾ നേരിട്ടാണ് രാഹുൽ 36 റൺസ് നേടിയത് സ്ട്രൈക്ക് റേറ്റ് 100ന് താഴെയും.
രാഹുൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹോങ്കോങ് ബോളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ചു, ക്രിക്കറ്റിന്റെ കോപ്പി ബുക്ക് ഷോട്ടുകളുടെ ലിസ്റ്റിൽ ഇല്ലാത്ത പല ഷോട്ടുകളും ആ ഇന്നിങ്ങ്സിൽ പിറന്നു, സ്കൂപ്പ് ഷോട്ടുകളും, ഫ്ലിക്ക് ഷോട്ടുകളുമൊക്കെ അടിച്ച് സൂര്യ കുമാർ കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ അതി വേഗത്തിൽ ചലിച്ചു, വെറും 26 പന്തിലാണ് 6 ഫോറും 6 സിക്സും അടക്കം താരം പുറത്താകാതെ 68 റൺസ് അടിച്ചെടുത്തത്,ഹോങ്കോങ് ബോളർ ഹാറൂൺ അർഷാദ് എറിഞ്ഞ അവസാന ഓവറിൽ 4 സിക്സർ അടക്കം 26 റൺസ് ആണ് സൂര്യകുമാർ വാരിക്കൂട്ടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ്ങിന്റെ ഓപ്പണർ യാസിം മുർത്താസയെ (9) തുടക്കത്തിൽ തന്നെ വീഴ്ത്തി അർഷ് ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, 41 റൺസ് എടുത്ത ബാബർ ഹയത്തും, 30 റൺസ് എടുത്ത കെ.ഡി ഷായും അവസാന ഓവറുകളിൽ നന്നായി കളിച്ച
സീഷൻ അലിയും (26*) ഹോങ്കോങ്ങിനായി പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം മറികടക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 152/5 എന്ന നിലയിൽ ഹോങ്കോങ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു, പുറത്താകാതെ 68 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ ആയി മാറിയ സൂര്യകുമാർ യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ക്രിക്കറ്റ് മത്സരങ്ങളിൽ ചടുലതയ്ക്കും സൗന്ദര്യത്തിനും മിഴിവേകാൻ മ്യൂസിക്കിന്റെ അകമ്പടി പലപ്പോഴും പല മൽസരങ്ങളിലും നമ്മൾ കണ്ടിട്ടുള്ളതാണ്, ഓവറിന്റെ ഇടവേളകളിൽ മ്യൂസിക്കിന്റെ സാന്നിധ്യം കാണികളെ ആവേശത്തിലാക്കും, ഇന്ത്യയുടെ വിൻഡീസ് പരമ്പരയിൽ മലയാളം പാട്ടുകൾ സ്റ്റേഡിയത്തിൽ നിന്ന് കേട്ടത് നമ്മൾ ആസ്വദിച്ചിട്ടുള്ളതാണ്, പണ്ട് മുതലേ വിൻഡീസിൽ കാലിപ്സോ സംഗീതം ക്രിക്കറ്റ് ഗ്രൗണ്ടിൽ സ്ഥിരസാന്നിധ്യം ആണ്, ക്രിക്കറ്റും സംഗീതവും അവർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്,ഇന്നലെ നടന്ന മത്സരത്തിലും സ്റ്റേഡിയത്തിൽ നിന്ന് സൂപ്പർഹിറ്റ് ഹിന്ദി പാട്ടുകൾ കേൾക്കാമായിരുന്നു, കാണികൾ അത് ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.