Categories
Cricket Latest News Malayalam

സ്‌ലോഗ് സ്വീപ്പിലൂടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടുള്ള വിരാട് കോഹ്‌ലിയുടെ സിക്സ്; വീഡിയോ കാണാം

ഹോങ്കോങ്ങിന്‌ എതിരെ നടന്ന ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ വിജയം അനായാസമായത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. ഹോങ്കോങ് ഇന്നിങ്സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസിൽ അവസാനിച്ചു.

ഓപ്പണർമാരായ നായകൻ രോഹിത് ശർമ്മയ്ക്കും ഉപനായകൻ കെ എൽ രാഹുലിനും നല്ല തുടക്കം മുതലാക്കാനായില്ല. 13 പന്തിൽ 21 റൺസ് എടുത്ത ശർമയാണ് ആദ്യം പുറത്തായത്. 39 പന്തിൽ നിന്നും 36 റൺസ് എടുത്ത രാഹുൽ പുറത്തായതോടെ എത്തിയ സൂര്യകുമാർ യാദവും കോഹ്‌ലിയും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സ് കരകയറ്റിയത്. വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ 98 റൺസാണു ഇരുവരും കൂട്ടിച്ചേർത്തത്.

26 പന്തിൽ നിന്നും പുറത്താകാതെ 68 റൺസ് നേടിയ സൂര്യകുമാർ 6 വീതം ബൗണ്ടറിയും സിക്സും അടിച്ചുകൂട്ടിയിരുന്നു. കോഹ്‌ലി 44 പന്തിൽ 59 റൺസോടെ പുറത്താകാതെ നിന്നു. ഒരു ഫോറും മൂന്ന് സിക്സുമാണ് കോഹ്‌ലി സ്വന്തമാക്കിയത്. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് സൂര്യകുമാർ യാദവ് ആണെങ്കിലും കോഹ്‌ലി ആരാധകർക്ക് മനസ്സിന് കുളിർമയേകാനുതകുന്ന ഒരുപിടി ഷോട്ടുകൾ വിരാട് കളിച്ചിരുന്നു.

അതിലൊന്നാണ് പതിമൂന്നാം ഓവറിൽ നേടിയ സിക്സ്. ലെഗ് സ്പിന്നർ മുഹമ്മദ് ഗസൻഫർ എറിഞ്ഞ ഓവറിന്റെ നാലാം പന്തിലാണു സംഭവം. പന്ത് പിച്ച് ചെയ്ത ലെങ്ങ്‌ത്ത് കൃത്യമായി പിക്ക്‌ ചെയ്ത കോഹ്‌ലി ഒരു സ്റ്റൈലിഷ് സ്ലോഗിലൂടെ ഡീപ് മിഡ് വിക്കറ്റിലേക്ക്‌ കളിച്ചത് വളരെ കൂളായിട്ടാണ്‌. വലത് കാൽമുട്ട് പിച്ചിലേക്ക്‌ വെച്ച് തന്റെ പഴയ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധത്തിൽ ഒരു പടുകൂറ്റൻ സിക്സ്.

ഈ പ്രകടനത്തോടെ ഇത്തവണത്തെ ഏഷ്യ കപ്പിലെ ആദ്യ അർദ്ധ സെഞ്ചുറി നേട്ടം കോഹ്‌ലിയുടെ പേരിലായി. കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ 35 റൺസ് നേടിയിരുന്നു. ഇതോടെ ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ ലിസ്‌റ്റിൽ ഇപ്പോൾ ഒന്നാമത് നിൽക്കുന്നത് 94 റൺസുമായി കോഹ്‌ലിയാണ്. മത്സരത്തിൽ അദ്ദേഹം ഒരു ഓവർ ബോളിങ്ങും ചെയ്‌തിരുന്നു. ഒരു ബൗണ്ടറി പോലും വഴങ്ങാതെ വെറും ആറ് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

കഴിഞ്ഞ കുറച്ചുകാലമായി തന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലായിരുന്ന അദ്ദേഹം ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മത്സരരംഗത്ത് മടങ്ങിയെത്തുന്നത്. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനം നടത്തി തന്റെ പഴയ ആധികാരിക പ്രകടനങ്ങൾ തീർച്ചയായും പുനർസൃഷടിക്കും എന്ന വിശ്വാസം ആരാധകർക്ക് നൽകാൻ സാധിച്ചിട്ടുണ്ട് അദ്ദേഹത്തിന്. ട്വന്റി ട്വന്റി രാജ്യാന്തര മത്സരങ്ങളിലെ ഉയർന്ന സ്കോർ 94 റൺസ് ആണ്. തന്റെ 71 അം അന്താരാഷ്ട്ര സെഞ്ചുറി നേട്ടം കൈവരിക്കാൻ കഴിഞ്ഞ 2 വർഷമായി കഴിഞ്ഞിട്ടില്ല. ഈ ഏഷ്യ കപ്പിന്റെ തുടർന്നുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് കോഹ്‌ലി ആരാധകർ.

സ്‌ലോഗ് സ്വീപ്പിലൂടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടുള്ള വിരാട് കോഹ്‌ലിയുടെ സിക്സ്; വീഡിയോ കാണാം

https://twitter.com/cricket82182592/status/1564997405904601089?t=lDogORYudH5qS8sDl8Zk_g&s=19

Leave a Reply

Your email address will not be published. Required fields are marked *