ഏഷ്യ കപ്പ് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം സൂപ്പർ ഫോർ ഘട്ടത്തിൽ പ്രവേശിച്ചു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ഭാഗ്യത്തിന്റെ പിന്തുണ കൂടി ശ്രീലങ്കയുടെ കൂടെയായിരുന്നു. മത്സരത്തിൽ ഒരുപാട് നോബോളുകൾ ബംഗ്ലാ താരങ്ങൾ എറിഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനോട് പരാജയം സമ്മതിച്ച ഇരു ടീമുകൾക്കും സൂപ്പർ ഫോർ ഘട്ടത്തിൽ എത്താൻ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു.
ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസുൻ ഷനാക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാ നിരയിൽ ആർക്കും അർദ്ധ സെഞ്ചുറി നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും ചെറിയ ചെറിയ സംഭാവനകൾ എല്ലാവരും ചേർന്ന് നൽകിയതോടെ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എന്ന കൂറ്റൻ സ്കോർ നേടാൻ സാധിച്ചു. 39 റൺസ് നേടിയ അഫീഫ് ഹോസ്സൈനും 38 റൺസ് നേടിയ ഓപ്പണർ മെഹിധി ഹസൻ മിരാസുമാണ് അവരുടെ ടോപ് സ്കോറർമാർ.
184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തിക്കൊണ്ട് മത്സരത്തിൽ ഭൂരിഭാഗവും ബംഗ്ലാ കടുവകൾ ആധിപത്യം പുലർത്തി. 77 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ അവർക്ക് നായകൻ ദസുൻ ഷനാകയും ഓപ്പണർ കുസാൽ മെൻഡിസും ചേർന്ന കൂട്ടുകെട്ട് അൽപം പ്രതീക്ഷ നൽകി. മെൻഡിസ് 60 റൺസും ഷനാക 45 റൺസും എടുത്ത് പുറത്തായി. അതോടെ ഗാലറിയിൽ ഉണ്ടായിരുന്ന ബംഗ്ലാ കടുവകളുടെ ആരാധകർ ആർപ്പുവിളികളുമായി എഴുന്നേറ്റു.
എങ്കിലും അപ്രതീക്ഷിതമായി ശ്രീലങ്കൻ വാലറ്റം പോരാട്ടം തുടർന്നതോടെ രണ്ട് വിക്കറ്റിന് അവർ വിജയം സ്വന്തമാക്കുകയും ചെയ്തു. 10 പന്തിൽ 16 റൺസ് എടുത്ത ചമിക കരുണരത്നെയും 3 പന്തിൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസ് നേടിയ അസിത ഫെർണാണ്ടോയുടെയും മികവിലാണ് ശ്രീലങ്ക ബംഗ്ലാദേശിനെ തോൽപ്പിച്ചത്. അസിത ഫെർണാണ്ടോയുടെ കന്നി രാജ്യാന്തര ട്വന്റി ട്വന്റി മത്സരമായിരുന്നു.
മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുന്ന സമയത്ത് ശ്രീലങ്കൻ താരം ചമിക കരുണരത്നെയുടെ നേതൃത്വത്തിൽ ഉള്ള നാഗിൻ ഡാൻസും ഉണ്ടായിരുന്നു. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറൽ ആയിമാറി. ഇതിനുമുൻപും പല കളികളിലും വിജയിക്കുന്നതിന് മുന്നേ തന്നെ ബംഗ്ലാ താരങ്ങളും ആരാധകരും ചേർന്ന് നാഗിൻ ഡാൻസ് കളിച്ച് ആഹ്ലാദിച്ചു അവസാനം മത്സരത്തിൽ തോൽക്കുമ്പോൾ വാലും ചുരുട്ടി മടങ്ങുന്ന കാഴ്ച എല്ലാവരും കണ്ടിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാ കടുവകളുടെ ഈ വർഷത്തെ ഏഷ്യ കപ്പിലെ യാത്ര പൂർത്തിയായി. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും സൂപ്പർ ഫോർ ഘട്ടത്തിൽ ഇടം നേടി. രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യയും ഉണ്ട്. ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ ഹോങ്കോങ് മത്സരത്തിലെ വിജയികളും ഇടം നേടുന്നതോടെ പട്ടിക പൂർത്തിയാകും. പിന്നീട് ഈ നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടി അതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിൽ എത്തും.