ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി കെ എൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിംഗ് വെടിക്കെട്ട്. നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോഹ്‌ലിയും പവർപ്ലയിൽ തന്നെ പെട്ടെന്ന് മടങ്ങിയപ്പോൾ ഇരുവരും ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു ടീമിനെ രക്ഷപ്പെടുത്തി. 9 പന്തിൽ 11 റൺസ് എടുത്ത രോഹിതിന്റെ വിക്കറ്റ് ഹസേൽവുഡും 7 പന്തിൽ 2 റൺസ് എടുത്ത കോഹ്‌ലിയുടെ വിക്കറ്റ് നതാൻ ഇല്ലിസും വീഴ്ത്തി.
മത്സരത്തിൽ ഓസ്ട്രേലിയൻ പേസർ പാറ്റ് കമിൻസിന് എതിരെ കിടിലൻ സിക്സർ നേടിയാണ് സൂര്യകുമാർ യാദവ് തുടങ്ങിയത്. ആറാം ഓവറിൽ ആയിരുന്നു സംഭവം. ഓവറിന്റെ മൂന്നാം പന്തിൽ ഒരു മികച്ച കവർ ഡ്രൈവ് ബൗണ്ടറി നേടിയ സൂര്യ പിന്നീട് അഞ്ചാം പന്തിലാണ് തന്റെ ക്ലാസ്സ് വ്യക്തമാക്കിയ സിക്സർ നേടിയത്.
ഒരു ഷോർട്ട് പിച്ച് പന്ത് പ്രതീക്ഷിച്ച സൂര്യ, പന്തിന്റെ ലൈനിൽ നിന്ന് വലത്തേക്ക് നീങ്ങി ഒരു കിടിലൻ സ്വാറ്റ് ഷോട്ടിലൂടെ ഫൈൻ ലെഗ്ഗിലേക്ക് സിക്സ് അടിക്കുകയായിരുന്നു. മുൻപും പല മത്സരങ്ങളിലും ഇത്തരം ഷോട്ടുകൾ അദ്ദേഹം കളിക്കാറുണ്ട്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും കളിക്കാൻ കഴിയുന്ന ഒരു 360° പ്ലയർ ആണ് താൻ എന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുലും സൂര്യയും 42 പന്തിൽ നിന്നും 68 റൺസ് ആണ് നേടിയത്. മത്സരത്തിൽ രാഹുൽ അർദ്ധസെഞ്ചുറി നേടിയ ശേഷം പുറത്തായി. 35 പന്തിൽ നിന്നും നാല് ബൗണ്ടറിയും 3 സിക്സും അടക്കം 55 റൺസ് നേടിയ അദ്ദേഹത്തെ ഹസേൽവുഡ് ആണ് പുറത്താക്കിയത്. പന്ത്രണ്ട് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് ഇന്ത്യ നേടിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയും 33 റൺസ് എടുത്ത സൂര്യകുമാർ യാദവും ക്രീസിലുണ്ട്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. സിംഗപ്പൂർ നാഷനൽ ടീമിലെ താരമായിരുന്ന വെടിക്കെട്ട് ഓൾറൗണ്ടർ ടിം ഡേവിഡിന്റെ ഓസ്ട്രേലിയൻ ടീമിലെ അരങ്ങേറ്റ മത്സരമാണ് ഇത്. മത്സരത്തിന് മുൻപ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യൂ വെയ്ഡ് അദ്ദേഹത്തിന് തൊപ്പി സമ്മാനിച്ചു. ഓപ്പണർ ആയി കാമറോൺ ഗ്രീൻ എത്തുമെന്ന് ഫിഞ്ച് അറിയിച്ചു.
ഋഷഭ് പന്തിനെ പുറത്ത് ഇരുത്തി ദിനേശ് കാർത്തികിനെയാണ് വിക്കറ്റ് കീപ്പർ ആയി ഇന്ന് ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. സ്പിന്നർമാരായി അക്സർ പട്ടേലും ചാഹലും ഇടംനേടിയപ്പോൾ പരുക്ക് മാറി ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തി. എങ്കിലും ജസ്പ്രിത് ബൂംറക്ക് ഇന്നത്തെ മത്സരത്തിൽ കൂടി വിശ്രമം നൽകുന്നു എന്നാണ് രോഹിത് ശർമ പറഞ്ഞത്. ഇതോടെ ഉമേഷ് യാദവ് ടീമിൽ ഇടം നേടി. നേരത്തെ ടീമിൽ ഉൾപ്പെടുത്തിയ മുഹമ്മദ് ഷമിക്ക് കോവിഡ് പിടിപെട്ടതൊടെയാണ് ഉമേഷിനെ സ്ക്വഡിൽ ഉൾപ്പെടുത്തിയത്.
പാറ്റ് കമ്മിൻസിനെ ഫൈൻ ലെഗിലെക്ക് കിടിലൻ സിക്സർ പറത്തി സൂര്യ; വീഡിയോ കാണാം.