ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് വമ്പൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 208 റൺസ് നേടി. 30 പന്തിൽ 5 സിക്‌സും 7 ഫോറും ഉൾപ്പെടെ 71 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്. അവസാന ഓവറിലെ അവസാന 3 പന്തിൽ കാമെറോണ് ഗ്രീനിനെതിരെ ഹാട്രിക് സിക്സ് പറത്തിയാണ് 190ൽ ഉണ്ടായിരുന്ന ഇന്ത്യൻ സ്‌കോർ 208ൽ എത്തിച്ചത്.
ഓപ്പണർ കെഎൽ രാഹുലും (35 പന്തിൽ 55) സൂര്യകുമാർ യാദവും (25 പന്തിൽ 46) മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പ്രകടനത്തിൽ നിരാശപ്പെടുത്തി. രോഹിത് 9 റൺസ് നേടി പുറത്തായപ്പോൾ കോഹ്ലി 7 പന്തിൽ 2 റൺസ് മാത്രമാണ് നേടിയത്.
റിഷഭ് പന്തിന് പകരമായി ടീമിൽ എത്തിയ അക്‌സർ പട്ടേല് 5 പന്തിൽ 6 റൺസ് നേടി മടങ്ങി. കാർത്തിക് 6 റൺസും നേടി എൽബിഡബ്ല്യൂവിലൂടെ പുറത്തായി. 16 ഓവറിൽ 148 റൺസിൽ ഉണ്ടായിരുന്ന ഇന്ത്യയെ അവസാന4 ഓവറിൽ 60 റൺസ് അടിച്ചു കൂട്ടി ഹർദിക് പാണ്ഡ്യയാണ് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നഥാൻ എല്ലിസ് 3 വിക്കറ്റും ഹെസ്ൽവുഡ് 2 വിക്കറ്റും വീഴ്ത്തി. 3 ഓവറിൽ 46 റൺസ് വഴങ്ങിയ ഗ്രീൻ നന്നേ തല്ലു വാങ്ങികൂട്ടി. അതേസമയം ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടിം ഡേവിഡ് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. പരിക്ക് മുക്തനായി തിരിച്ചെത്തിയ ബുംറ ആദ്യ മത്സരത്തിൽ നിന്ന് ഒഴിവാക്കി.