ആഴ്ചകൾക്ക് മുമ്പ് നടന്ന ഏഷ്യ കപ്പ് ടൂർണമെന്റിലും പിന്നീട് പ്രഖ്യാപിച്ച ട്വന്റി ട്വന്റി ലോകകപ്പ് ടീമിൽ നിന്നും തഴയപ്പെട്ട സഞ്ജു സാംസൺ ഇന്ത്യൻ എ ടീം നായകൻ ആയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ മികച്ച വിജയവുമായി തുടങ്ങി. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഏകദിന മത്സരത്തിൽ ഏഴ് വിക്കറ്റിന് ആയിരുന്നു ഇന്ത്യൻ എ ടീമിന്റെ വിജയം.
നായകനായുള്ള ആദ്യ മത്സരത്തിൽ തന്നെ ടോസ് ഭാഗ്യം ലഭിച്ച സഞ്ജു ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ പവർപ്ലേ ബോളർമാരായ ശർദൂൽ താക്കൂറും കുൽദീപ് സെന്നും ന്യൂസിലൻഡ് ബാറ്റർമാരെ നിലംതൊടാൻ അനുവദിച്ചില്ല. ആദ്യം 8 ഓവറിൽ 27/5 എന്ന നിലയിൽ തകർന്ന അവർ പിന്നീട് 18 ഓവറിൽ 74/8 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
എങ്കിലും ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന മൈക്കേൽ രിപ്പണും ജോ വാക്കറും ചേർന്ന കൂട്ടുകെട്ട് ന്യൂസിലൻഡ് ടീമിന് മാന്യമായ ഒരു സ്കോർ നേടിക്കൊടുത്തൂ. 49 പന്തിൽ നിന്നും മൂന്ന് ബൗണ്ടറിയും ഒരു സിക്സും അടക്കം 36 റൺസ് നേടിയ വാക്കർ റൺഔട്ട് ആകുകയും ശേഷം 104 പന്ത് നേരിട്ട രിപ്പണ് നാല് ബൗണ്ടറി അടക്കം 61 റൺസ് നേടി പത്താമനായി പുറത്താവുകയും ചെയ്തു. ടീം സ്കോർ 40.2 ഓവറിൽ 167 റൺസ്.
ശാർദൂൽ താകൂറിന് നാല് വിക്കറ്റ് ലഭിച്ചപ്പോൾ മറ്റൊരു പേസർ കുൽദീപ് സെൻ മൂന്ന് വിക്കറ്റും വീഴ്ത്തി. സ്പിന്നർ കുൽദീപ് യാദവ് ഒരു വിക്കറ്റും നേടിയപ്പോൾ രണ്ട് പേർ റൺഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 17 റൺസ് എടുത്ത പൃഥ്വി ഷായെ വേഗം നഷ്ടമായി. എങ്കിലും രണ്ടാം വിക്കറ്റിൽ ഋതുരാജും ത്രിപഠിയും ചേർന്ന് 56 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 3 ബൗണ്ടറിയും 2 സിക്സും പറത്തിയ ഋതുരാജ് 41 റൺസും 4 ബൗണ്ടറി നേടിയ ത്രിപാഠി 31 റൺസും എടുത്തു പുറത്തായി.
നാലാമതായി ക്രീസിൽ എത്തിയ സഞ്ജു സാംസൺ നേരിട്ട മൂന്നാം പന്തിൽ തന്നെ സിക്സ് അടിച്ചിരുന്നു. പിന്നീട് ശ്രദ്ധാപൂർവ്വം കളിച്ച സഞ്ജു രജത് പഠിധാരിന് പിന്തുണ നൽകി. രജത് 41 പന്തിൽ ഏഴ് ബൗണ്ടറി സഹിതം 45 റൺസോടെ നിന്നപ്പോൾ സഞ്ജു ഒരു ബൗണ്ടറിയും മൂന്ന് കൂറ്റൻ സിക്സുകളും അടക്കം 29 റൺസ് നേടി പുറത്താകാതെ നിന്നു. നായകന്റെ പക്വതയോടെ കളിച്ച് ഇന്നിങ്സ് ബിൽഡ് ചെയ്ത ശേഷം അവസാനം ആഞ്ഞടിച്ച് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു സഞ്ജു. രചിൻ രവീന്ദ്ര എറിഞ്ഞ പന്തിൽ ലോങ് ഓണിലേക്ക് സിക്സ് പായിച്ചാണ് സഞ്ജു മത്സരം പൂർത്തിയാക്കിയത്. വേർപിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 69 പന്തിൽ 69 റൺസ് ആണ് നേടിയത്.
സഞ്ജു സാംസൺ ബാറ്റിങ്ങിന് ഇറങ്ങിയ സമയത്ത് സ്റ്റേഡിയത്തിൽ വൻ ഹർഷാരവവും ആർപ്പുവിളികളുമാണ് മുഴങ്ങിക്കേട്ടത്. യഥാർത്ഥത്തിൽ മത്സരത്തിന് കാണികളെ അനുവദിച്ചിരുന്നില്ല. എങ്കിലും ഗാലറിയുടെ ഒരു ഭാഗത്ത് ഒരു കൂട്ടം ആരാധകർ കയറിക്കൂടിയിരുന്നു. സഞ്ജു ബാറ്റും പിടിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങിയതും അതുവരെ ഇല്ലാതിരുന്ന തരത്തിൽ ഉള്ള ആവേശമായിരുന്നു കാണികളിൽ കാണാൻ കഴിഞ്ഞത്.
അവർക്കുള്ള മറുപടി എന്നൊണ്ണം നേരിട്ട മൂന്നാം പന്തിൽ തന്നെ സിക്സ് പായിച്ച് സഞ്ജു കൂടുതൽ ആവേശം വിതറി. മത്സരം അവസാനിച്ചതും സഞ്ജുവിന്റെ ഒരു കൂറ്റൻ സിക്സിലൂടെ തന്നെ. ഇതിനുമുൻപ് ഇന്ത്യൻ ടീമിന്റെ ഭാഗമായി വിദേശ പര്യടനം നടത്തുന്ന സമയത്തും സഞ്ജുവിന് മികച്ച രീതിയിലുള്ള ആരാധകപിന്തുണയാണ് എല്ലായിടത്തും കണ്ടത്. ഈ ദൃശ്യങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരുന്നു.