തകർപ്പൻ സെഞ്ചുറി പ്രകടനത്തിനു പിന്നാലെ ഫീൽഡിംഗിൽ മികച്ച റൺ ഔട്ടുമായി തിളങ്ങി ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ. 334 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ടീമിന്റെ ഒന്നാം നമ്പർ താരം, അപകടകാരിയായ ഓപ്പണർ ടാമി ബ്യുമൊണ്ടിനെ ആണ് മികച്ചൊരു ബുള്ളറ്റ് ത്രോയിലൂടെ കൗർ പുറത്താക്കിയത്.
ജുലൻ ഗോസ്വാമി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഒരു പുൾ ഷോട്ട് ബൗണ്ടറി അവർ നേടിയിരുന്നു. രേണുക സിംഗ് എറിഞ്ഞ രണ്ടാം ഓവറിന്റെ അഞ്ചാം പന്തിലാണ് ആ റൺ ഔട്ട് പിറന്നത്. മിഡ് ഓണിലെക്ക് പന്ത് തട്ടിയിട്ട ശേഷം ഇല്ലാത്ത ഒരു റണ്ണിനായി ഓടുകയായിരുന്നു അവർ. നല്ല വേഗത്തിൽ ബോളിങ് എൻഡിൽ ഓടിയെത്തി എങ്കിലും അപ്പോഴേക്കും പന്ത് വിക്കറ്റിനെ ചുംബിച്ചിരുന്നു.
മിഡ് ഓണിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഹർമൻ തനിക്ക് നേരെ വന്ന പന്തിലേക്ക് കൃത്യമായി കൈകൾ ചലിപ്പിക്കുകയും, ഒരു നിമിഷം പോലും പാഴാക്കാതെ പന്തെടുത്ത് നേരെ സ്റ്റമ്പിലേക്ക് ഒരു വെടിയുണ്ട കണക്കെയുള്ള ത്രോ ഏറിയുകയുമായിരുന്നു. ഇന്ന് ഇനി എന്താണ് ഹർമന് ചെയ്യാൻ സാധിക്കാത്തതായിട്ടുള്ളളത്!
തന്റെ കരിയറിലെ അഞ്ചാം ഏകദിന സെഞ്ചുറി നേട്ടമാണ് ഇന്ന് ഹർമൻ സ്വന്തമാക്കിയത്. 111 പന്ത് നേരിട്ട അവർ 18 ബൗണ്ടറികളുടെയും 4 കൂറ്റൻ സിക്സിന്റെയും അകമ്പടിയോടെയാണ് പുറത്താകാതെ 143 റൺസ് നേടിയത്. ഹർമൻ താണ്ഡവത്തിൽ ആറാടിയ ടീം ഇന്ത്യ അവസാന മൂന്ന് ഓവറുകളിൽ നിന്ന് അടിച്ച് കൂട്ടിയത് 63 റൺസ് ആയിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 8 റൺസ് എടുത്ത ശേഫാലി വർമയെ തുടക്കത്തിലേ നഷ്ടമായി. യാസ്ഥിക ഭാട്യ 26 റൺസും സ്മൃതി മൻതാന 40 റൺസും എടുത്തു. പിന്നീട് വന്ന ഹർലീൻ ഡിയോളിനെ കൂട്ട് പിടിച്ചാണ് ഹർമൻപ്രീത് കൗർ സ്കോർ ഉയർത്തിയത്. നാൽപതാം ഓവറിൽ 58 റൺസ് എടുത്ത് ഡിയോൾ പുറത്താകുമ്പോൾ ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു.
പിന്നീട് വന്ന പൂജ വസ്ത്രാക്കരിന്റെ കൂടെ 50 റൺസിന്റെ കൂട്ടുകെട്ടിലും ഹർമൻ പങ്കാളിയായി. വേർപിരിയാത്ത ആറാം വിക്കറ്റിൽ ഇന്നിങ്സിന്റെ അവസാന 24 പന്തുകളിൽ നിന്നും 71 റൺസ് ആണ് ഹർമനും ദീപ്തി ശർമയും ചേർന്ന് നേടിയത്. അതിൽ ദീപ്തിയുടെ സംഭാവന വെറും 15 റൺസും. ഇംഗ്ലണ്ട് ഈ സ്കോർ പിന്തുടർന്ന് വിജയിക്കുകയാണ് എങ്കിൽ അത് വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചെയ്സ് ആകും. 2012ൽ ന്യൂസിലൻഡിന് എതിരെ 288 റൺസ് പിന്തുടർന്ന് ജയിച്ച ഓസ്ട്രേലിയൻ ടീമിന്റെ പേരിലാണ് ആ റെക്കോർഡ്.
അപകടകാരിയായ ടാമി ബ്യുമൊണ്ടിനെ ബുള്ളറ്റ് ത്രോയിലൂടെ പുറത്താക്കി കൗർ :വീഡിയോ.