സൗത്താഫ്രിക്കൻ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ റിഷഭ് പന്തിന്റെ ഗ്ലൗവിൽ നിന്ന് പന്ത് തെറിച്ച് രോഹിത് ശർമ്മയുടെ ജനനേന്ദ്രിയത്തിൽ കൊണ്ടത് ചിരിപ്പടർത്തിയിരുന്നു. ചാഹർ എറിഞ്ഞ പന്ത് സ്വിങ് ചെയ്ത് സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ബാവുമയുടെ ബാറ്റിൽ കൊള്ളാതെ റിഷഭ് പന്തിന്റെ വലത് ഭാഗത്തേക്ക് വരികയായിരുന്നു.
റിഷഭ് ചരിഞ്ഞ് ഒറ്റ കൈ കൊണ്ട് പിടിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ നിന്ന് തെറിച്ച് തൊട്ടടുത്ത് സ്ലിപ്പിൽ ഉണ്ടായിരുന്ന രോഹിതിന്റെ മേൽ പതിച്ചു. റിഷഭിന്റെ കയ്യിൽ കൊണ്ട് വന്നതിനാൽ പന്തിന് വേഗത ഉണ്ടായിരുന്നില്ല. പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചിരിച്ച് കൊണ്ടാണ് രോഹിത് പ്രതികരിച്ചത്, പിന്നാലെ പന്തിന് കൈ കൊടുക്കുകയും ചെയ്തു.
മത്സരത്തിൽ ഇന്ത്യയുടെ മുൻനിര താരങ്ങൾ തകർത്താടിയപ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 237 റൺസ് നേടി. 22 പന്തിൽ 61 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ സ്‌കോർ അതിവേഗത്തിലാക്കിയത്. ഓപ്പണർമാരായ രോഹിതും (37 പന്തിൽ 43) രാഹുലും (28 പന്തിൽ 57) ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 9.5 ഓവറിൽ 96 റൺസ് നേടിയിരുന്നു.
കോഹ്ലി പുറത്താകാതെ 28 പന്തിൽ 49 റൺസ് നേടിയിട്ടുണ്ട്. അവസാനമായി ക്രീസിൽ എത്തിയ കാർത്തിക്കും മോശമാക്കിയില്ല, 7 പന്തിൽ 17 റൺസ് നേടി. പന്തെറിഞ്ഞവരെല്ലാം അടി വാങ്ങിച്ച് കൂട്ടിയ മത്സരത്തിൽ മഹാരാജ് മാത്രമാണ് 6ന് താഴെ എക്കൊണമിയിൽ റൺസ് വിട്ടുനൽകിയത്. 4 ഓവറിൽ 23 റൺസ് വഴങ്ങി 2 നിർണായക വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 57 വഴങ്ങിയ റബദയാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്.