കളിക്കളത്തിൽ ആത്മസംയമനത്തിൽ പേരുകേട്ട ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കഴിഞ്ഞ കുറച്ചു നാളുകളായി വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ മടിക്കാറില്ല. രോഹിതിന്റെ ഭാവ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിനിടെ 19ആം ഓവറിൽ അമ്പയർ വൈഡ് വിധിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് രോഹിത്.
ഇന്ത്യ ഉയർത്തിയ 238 വിജയലക്ഷ്യം ചെയ്‌സ് ചെയ്യുന്നതിനിടെ അവസാന ഓവറുകളിൽ മില്ലറും ഡിക്കോകും കത്തി കയറിയത് ഇന്ത്യൻ ബൗളർമാരിലും ക്യാപ്റ്റനിലും സമ്മർദ്ദമുണ്ടാക്കിയിരുന്നു.
19ആം ഓവറിലെ രണ്ടാം പന്തിൽ മില്ലർ സിക്സ് പറത്തിയതിന് പിന്നാലെ തൊട്ടടുത്ത പന്തിൽ സ്‌കൂപിലൂടെ ബൗണ്ടറിക്ക് ശ്രമിച്ചപ്പോൾ പന്തെറിയുകയായിരുന്ന അർഷ്ദീപ് സിങ് അത് ഒഴിവാക്കാൻ പുറത്തേക്കായി എറിയുകയായിരുന്നു.
അമ്പയർ ഉടനെ വൈഡ് വിധിച്ചു. ഇതോടെ രോഷാകുലനായി രോഹിത് വൈഡ് വിധിച്ചതിനുള്ള കാരണം തിരക്കുകയായിരുന്നു. അമ്പയർ കാര്യം വ്യക്തമാക്കിയതോടെ ശാന്തനായി ചിരിച്ച് കൊണ്ടാണ് മടങ്ങിയത്. നേരെത്തെ ബാറ്റിങ്ങിനിടെ അമ്പയർ വൈഡ് വിളിക്കാത്തതിന്റെ പേരിൽ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന രോഹിത് സമാന രീതിയിൽ പ്രതികരിച്ചിരുന്നു.
അതേസമയം 238 റൺസ് ചെയ്‌സിങ്ങിന് ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും നാലാം വിക്കറ്റിൽ ഡികോകും മില്ലറും ചേർന്ന് പൊരുതിയത് ടീം സ്‌കോർ 221ൽ എത്തിച്ചിരുന്നു. 47 പന്തിൽ 106 റൺസ് നേടിയ മില്ലറിന്റെ തകർപ്പൻ ഇന്നിംഗ്സ് സൗത്താഫ്രിക്കയ്ക്ക് ജയം സമ്മാനിക്കാനായില്ല. മറുവശത്ത് ഡികോക് 48 പന്തിൽ 69 റൺസ് നേടി.
മത്സരത്തിൽ ഇന്ത്യയുടെ മുൻനിര താരങ്ങൾ തകർത്താടിയപ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 237 റൺസ് നേടി. 22 പന്തിൽ 61 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ സ്‌കോർ അതിവേഗത്തിലാക്കിയത്. ഓപ്പണർമാരായ രോഹിതും (37 പന്തിൽ 43) രാഹുലും (28 പന്തിൽ 57) ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 9.5 ഓവറിൽ 96 റൺസ് നേടിയിരുന്നു.
കോഹ്ലി പുറത്താകാതെ 28 പന്തിൽ 49 റൺസ് നേടിയിട്ടുണ്ട്. അവസാനമായി ക്രീസിൽ എത്തിയ കാർത്തിക്കും മോശമാക്കിയില്ല, 7 പന്തിൽ 17 റൺസ് നേടി. പന്തെറിഞ്ഞവരെല്ലാം അടി വാങ്ങിച്ച് കൂട്ടിയ മത്സരത്തിൽ മഹാരാജ് മാത്രമാണ് 6ന് താഴെ എക്കൊണമിയിൽ റൺസ് വിട്ടുനൽകിയത്. 4 ഓവറിൽ 23 റൺസ് വഴങ്ങി 2 നിർണായക വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 57 വഴങ്ങിയ റബദയാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്.