ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ടീം ഇന്ത്യ മൂന്ന് മത്സര ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി. ഇന്ന് ഗുവാഹത്തിയിൽ വച്ച് നടന്ന രണ്ടാം മത്സരത്തിൽ 16 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഹൈ സ്കോറിങ്ങ് പോരാട്ടമായിരുന്നു ഇന്ന് നടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഇരുപത് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 237 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ദക്ഷിണാഫ്രിക്കയുടെ മറുപടി ഇരുപത് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 221 റൺസിൽ അവസാനിച്ചു.
ഇന്ത്യക്കായി രോഹിത് ശർമ 37 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 43 റൺസ് എടുത്തപ്പോൾ രാഹുൽ 28 പന്തിൽ നിന്നും 5 ഫോറും 4 സിക്സും പറത്തി 57 റൺസും എടുത്തു. സൂര്യകുമാർ യാദവ് വെറും 22 പന്തിൽ നിന്നും 5 വീതം ഫോറും സിക്സും അടക്കം 61 റൺസ് എടുത്തു. 28 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 49 റൺസോടെ പുറത്താകാതെ നിന്നു കോഹ്‌ലി. ദിനേശ് കാർത്തിക് 7 പന്തിൽ ഒരു ഫോറും 2 സിക്സും പറത്തി 17 റൺസുമായും പുറത്താകാതെ നിന്നു. സ്പിന്നർ കേശവ് മഹാരാജ് നാലോവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി തിളങ്ങിയെങ്കിലും മറ്റുള്ളവരെല്ലാം ഓവറിൽ 12 റൺസ് ശരാശരിക്ക് മുകളിൽ വഴങ്ങി.
ദക്ഷിണാഫ്രിക്കൻ ടീമിനു വേണ്ടി സെഞ്ചുറി നേടിയ മില്ലറുടെ പോരാട്ടം പാഴായി. 47 പന്ത് നേരിട്ട അദ്ദേഹം 8 ഫോറും 7 സിക്സും അടക്കം 106 റൺസോടേ പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പർ ഡീ കോക് 48 പന്തിൽ 69 റൺസ് നേടിയും നിന്നു. നായകൻ ബാവുമയും റൂസോയും പൂജ്യത്തിന് പുറത്തായപ്പോൾ മാർക്ക്രം 33 റൺസ് നേടി പുറത്തായി. അർഷദീപ് രണ്ട് വിക്കറ്റും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി 28 പന്തിൽ നിന്നും 49 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു. 7 ഫോറും ഒരു സിക്സും കോഹ്‌ലി അടിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിന് അർഹിച്ച അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കാൻ കഴിയാതെപോയത് ആരാധകരെ നിരാശരാക്കി.
ഇന്ത്യൻ ഇന്നിംഗ്സിൽ അവസാന ഓവറിൽ എല്ലാ പന്തുകളും നേരിട്ടത് ദിനേശ് കാർത്തിക് ആയിരുന്നു. ആദ്യ പന്തിൽ റൺ നേടാൻ കഴിഞ്ഞില്ല. രണ്ടാം പന്തിൽ ഫോർ, വീണ്ടും മൂന്നാം പന്തിലും ബാറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ല. പിന്നെ ഒരു വൈഡ്, അതിനുശേഷം ഒരു സിക്സ് നാലാം പന്തിൽ. അഞ്ചാം പന്ത് നേരിടുന്നതിന് മുൻപ് കാർത്തിക് കോഹ്ലിയോട് സിംഗിൾ ഇട്ട് തരണോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ കോഹ്‌ലി അത് സ്നേഹപൂർവ്വം നിരസിച്ച് കൂടുതൽ ബൗണ്ടറി നേടാൻ പ്രചോദനം നൽകി. അഞ്ചാം പന്തിൽ സിക്സ് നേടി കാർത്തിക് നന്ദി അറിയിച്ചു. അവസാന പന്തിൽ ഒരു ബൈ റൺ ഓടി. അതോടെ കോഹ്‌ലി 49 റൺസിൽ നിന്നു.
മത്സരത്തിന്റെ പതിനാലാം ഓവറിൽ കോഹ്‌ലി ഒരു ഡബിള് ഓടിയെങ്കിലും അത് സിംഗിൾ മാത്രമേ വിധിക്കപ്പെട്ടുള്ളൂ. വെയിൻ പാർണൽ എറിഞ്ഞ ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു സംഭവം. സ്ക്വയർ ലെഗിലേക്കു ഫ്ലിക് ഷോട്ട് കളിച്ച് ഡബിളെടുത്തുവെങ്കിലും കോഹ്‌ലി തിരികെ ഓടുന്നതിന് മുൻപ് ബാറ്റ് ക്രീസിലെക്ക് മുഴുവൻ കടന്നിരുന്നില്ല. അതിനാൽ ഒരു റൺ നിഷേധിക്കപ്പെട്ടു. അൽപം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ കോഹ്‌ലിക്ക് ആ റൺ ഉൾപ്പെടെ അർദ്ധ സെഞ്ചുറി നേട്ടം പൂർത്തിയാക്കാൻ കഴിയുമായിരുന്നു.