ഇന്നലെ ഗുവാഹത്തിയിൽ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസിന് വിജയിച്ച ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയുമായുള്ള മൂന്ന് മത്സര പരമ്പര സ്വന്തമാക്കി. സെപ്റ്റംബർ 28 ന് തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ നാളെ രാത്രി ഇൻഡോറിൽ നടക്കുന്ന മത്സരഫലം അപ്രസക്തമായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മുൻനിര താരങ്ങൾ എല്ലാവരും തകർത്ത് അടിച്ചതൊടെ നിശ്ചിത ഇരുപത് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. രോഹിത് 43 റൺസും രാഹുൽ 57 റൺസും സൂര്യകുമാർ യാദവ് 61 റൺസും നേടിയപ്പോൾ 49 റൺസുമായി വിരാട് കോഹ്‌ലിയും 17 റൺസുമായി ദിനേശ് കാർത്തികും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയുടെ മറുപടി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസിൽ അവസാനിച്ചു. അവർക്കായി മില്ലർ സെഞ്ചുറി(106*) നേടി എങ്കിലും വിജയത്തിൽ എത്തിക്കാനായില്ല. ഡീ കൊക് 69 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യൻ ടീമിന്റെ ബോളിങ് സമയത്ത് ഫീൽഡ് ചെയ്യുകയായിരുന്ന നായകൻ രോഹിത് ശർമയുടെ മൂക്കിൽ നിന്നും ചോര പൊടിഞ്ഞത് ഗ്രൗണ്ടിൽ അൽപ്പനേരം പരിഭ്രാന്തി പരത്തി. ഹർഷൽ പട്ടേൽ എറിഞ്ഞ പതിനൊന്നാം ഓവറിനിടെയായിരുന്നു സംഭവം. ആദ്യ പന്ത് കഴിഞ്ഞതിന് ശേഷം മൂക്കിൽ എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ദിനേശ് കാർത്തികിനോട് ഒന്ന് പറഞ്ഞു. രോഹിതിന്റെ ചുറ്റും കുറെ പ്രാണികൾ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. ഏതെങ്കിലും പ്രാണി മൂക്കിലേക്ക് കയറിപ്പോയിരിക്കാം എന്നാണ് കമന്റേറ്റർമാർ കരുതിയത്.
എന്നാൽ മൂക്കിൽനിന്നും ചോര പൊടിയുന്നു എന്ന് മനസ്സിലാക്കിയ അദ്ദേഹം കാർത്തിക്കിന്റെ കയ്യിൽ നിന്നും തൂവാല വാങ്ങി തുടക്കുന്നത് കാണാമായിരുന്നു. ടീം ഡഗ് ഔട്ടിലേക്ക് ചൂണ്ടിക്കാട്ടി കാർത്തിക് രോഹിതിന് പകരം സബ് ഫീൽഡറേ ഇറക്കാൻ നിർദേശിച്ചു. എങ്കിലും മടങ്ങുന്നതിന് മുൻപ് രോഹിത് ബോളർ ഹർഷലിന് ഫീൽഡ് പ്ലേസിങ്ങും മറ്റ് നിർദേശങ്ങളും നൽകുന്നത് ദൃശ്യമായി.
ഒരു യഥാർത്ഥ നായകൻ മത്സരത്തിൽ പൂർണ്ണ ശ്രദ്ധയോടെയിരിക്കണമെന്ന് വ്യക്തമാക്കുന്ന ഒരു പ്രവർത്തിയായിരുന്നു അത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അൽപനേരം ഷഹബാസ് അഹമദ് സബ് ഫീൽഡർ ആയി നിന്നു. അതിനുശേഷം രോഹിത് തന്നെ മടങ്ങിയെത്തി.