മറ്റൊരു ഇന്ത്യ പാകിസ്താൻ പോരാട്ടത്തിന് വേദി ഒരുങ്ങുകയാണ് ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ, ഒക്ടോബർ 23 ഞായറാഴ്ച മെൽബണിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക, ഇന്ത്യയുടെയും പാകിസ്താന്റെയും ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരമാണ് ഇത്, ആദ്യ കളി തന്നെ ജയിച്ച് ടൂർണമെന്റിൽ വിജയത്തോടെ തുടങ്ങാൻ ഇരു ടീമുകളും ഇറങ്ങുമ്പോൾ മത്സരത്തിൽ തീ പാറുമെന്ന് ഉറപ്പാണ്.
ഇരു ടീമുകൾക്കും ഓരോ തവണ ട്വന്റി-20 ലോക കപ്പ് നേടാൻ സാധിച്ചിട്ടുണ്ട്, 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ ഇറങ്ങിയ ഇന്ത്യൻ യുവനിര ഫൈനലിൽ പാകിസ്താനെ 5 റൺസിന് തോൽപ്പിച്ചാണ് ആദ്യ കിരീടം സ്വന്തമാക്കിയത്, 2009 ൽ ഇംഗ്ലണ്ടിൽ നടന്ന ട്വന്റി-20 ലോകകപ്പിൽ ശ്രീലങ്കയെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്താൻ ആദ്യമായി കിരീടം സ്വന്തമാക്കുന്നത്, 2014 ൽ ബംഗ്ലാദേശിൽ നടന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയെങ്കിലും 6 വിക്കറ്റിനു ഇന്ത്യയെ തോൽപ്പിച്ച് അന്ന് ശ്രീലങ്ക ചാമ്പ്യൻമാർ ആവുകയായിരുന്നു.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റർമാരാണ് ഇന്ത്യയുടെ വിരാട് കോഹ്ലിയും പാകിസ്താന്റെ ബാബർ അസമും, ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന ഇരുവരെയും പലപ്പോഴും ഇരു രാജ്യത്തെയും ക്രിക്കറ്റ് ആരാധകർ ആരാണ് മികച്ചത് എന്ന് താരതമ്യം ചെയ്യാറുണ്ട്, എന്നാൽ ഇപ്പോൾ ഇരുവരും ഒരുമിച്ച് പരിശീലനം നടത്തുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്, ഒക്ടോബർ 23 ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ ഇതിൽ ആരുടെ ബാറ്റിങ്ങ് മികവിനാണ് സ്വന്തം ടീമിനെ വിജയത്തിലേക്ക് നയിക്കാൻ പറ്റുക എന്നത് കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്.