Categories
Cricket Latest News

ആരെയാ കാത്തു നിൽക്കുന്നത് ? ഗ്രൗണ്ടിൽ ഫുൾ മലയാളികൾ ! മലയാളത്തിൽ സംസാരിച്ചു യുഎഇ താരങ്ങൾ ; വീഡിയോ കാണാം

ഇന്നലെ നടന്ന ട്വന്റി ട്വന്റി ലോകകപ്പ് പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് എയിലെ നിർണായകമായ അവസാന മത്സരത്തിൽ നമീബിയയെ തോൽപ്പിച്ച് യുഎഇ ടീം ലോകകപ്പിലെ തങ്ങളുടെ കന്നി വിജയം സ്വന്തമാക്കി. മലയാളി താരം സി പി റിസ്‌വാൻ നായകനായ യുഎഇ ടീം ആദ്യ രണ്ട് മത്സരങ്ങളും തോറ്റിരുന്നു. ജയപരാജയങ്ങൾ മാറിമറിഞ്ഞ ഇന്നലത്തെ മത്സരത്തിൽ 7 റൺസിനായിരുന്നു യുഎഇയുടെ വിജയം.

എങ്കിലും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ അവർ ടൂർണമെന്റിൽ നിന്നും പുറത്തായി, കൂടെ നമീബിയയെയും കൂട്ടി. മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി നമീബിയ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടുമായിരുന്നു. ഇതോടെ ഗ്രൂപ്പ് എ യിൽ നിന്നും ശ്രീലങ്ക, നെതർലൻഡസ് എന്നീ ടീമുകൾ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടി.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ യുഎഇ ആദ്യം ബാറ്റിങ്ങിന് ഇറങ്ങി. ഓപ്പണർ മുഹമ്മദ് വസീം അർദ്ധസെഞ്ചുറി നേടിയപ്പോൾ അവസാന ഓവറുകളിൽ ബാറ്റിംഗ് വെടിക്കെട്ട് നടത്തിയ മലയാളി താരങ്ങളായ നായകൻ റിസ്‌വാന്റെയും ഓൾറൗണ്ടർ ബാസിൽ ഹമീദിന്റെയും മികവിൽ നിശ്ചിത ഇരുപത് ഓവറിൽ അവർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തി. റിസ്‌വാൻ 29 പന്തിൽ 43 റൺസും ബാസിൽ 14 പന്തിൽ 25 റൺസും എടുത്തു.

ജയിച്ചാൽ സൂപ്പർ 12 യോഗ്യത എന്ന നിലയിൽ മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയക്ക്‌ നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എടുക്കാനേ കഴിഞ്ഞുളളൂ. സാഹൂർ ഖാനും മലയാളി താരം ബാസിൽ ഹമീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 36 പന്തിൽ 3 വീതം സിക്സും ഫോറും അടക്കം 55 റൺസ് നേടിയ ഡേവിഡ് വീസിന്റെ ഒറ്റയാൾ പോരാട്ടം വിഫലമായി. അവസാന ഓവറിൽ 14 റൺസ് വിജയലക്ഷ്യം ഉണ്ടായിരിക്കെ പന്തെറിഞ്ഞ മുഹമ്മദ് വസീം 6 റൺസ് മാത്രം വിട്ടുകൊടുക്കുകയും വീസിന്റെ വിക്കറ്റ് നേടുകയും ചെയ്തു.

മത്സരത്തിൽ യുഎഇ ബാറ്റിങ്ങിന് ഇടയിൽ മലയാളി താരങ്ങളായ ബാസിൽ ഹമീദും നായകൻ സി പി റിസ്‌വാനും ചേർന്ന് മലയാളത്തിൽ ആശയവിനിമയം നടത്തുന്നത് സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഞാൻ ഓഫ് സ്റ്റമ്പിൽ ആണ് നിൽക്കുന്നത് എന്ന് ബാസിൽ പറയുമ്പോൾ നീ ഓന്റെ ഫീൽഡ് നോക്ക്… കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ എന്ന് നായകൻ റിസ്‌വാൻ പറയുന്നതും വ്യക്തമായി കേൾക്കാം.

വീഡിയോ കാണാം :

അതിനുശേഷം യുഎഇ ടീമിന്റെ ഫീൽഡിംഗ് സമയത്തും മലയാളം കേട്ടിരുന്നു. നമീബിയ താരം സ്മിട്ടിനെ റൺഔട്ട് ആക്കാൻ വേണ്ടി പറയുമ്പോൾ “ആരെയാ കാത്തുനിൽക്കുന്നേ.. വേഗം എടുത്ത് ഏറിയു” എന്ന് ബോളർ കാർത്തിക് മെയ്യപ്പനൊട്‌ പറയുന്ന വീഡിയോയും വൈറലായി. മത്സരത്തിൽ മറ്റൊരു മലയാളി താരം അലിശാൻ ഷറഫുവും ഇന്നലെ യുഎഇ ടീമിൽ ഇടം നേടിയിരുന്നു. ബാറ്റിങ്ങിൽ 4 റൺസ് എടുത്ത് പുറത്തായെങ്കിലും ഫീൽഡിംഗിൽ രണ്ട് മികച്ച ക്യാച്ച് എടുത്തു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *