ടി20 ലോകക്കപ്പിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റ തോൽവിക്ക് പിന്നാലെ സിംബാബ്‌വെയ്ക്കെതിരെയും ദയനീയമായ തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഉയർത്തിയ 130 വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 1 റൺസിന്റെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
ചെയ്‌സിങ്ങിൽ പാകിസ്ഥാൻ മോശം തുടക്കമായിരുന്നു ലഭിച്ചത്. പവർ പ്ലേ കടക്കും മുമ്പേ ഓപ്പണർമാരായ ക്യാപ്റ്റൻ ബാബർ അസം 4 റൺസിലും റിസ്വാൻ 14 റൺസിലും മടങ്ങി. പിന്നാലെ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെ 15.1 ഓവറിൽ 94/6 എന്ന നിലയിലായി.
അവസാന 4 ഓവറിൽ ജയിക്കാൻ 31 റൺസ് വേണമെന്ന നിലയിൽ ഉണ്ടായിരുന്ന പാകിസ്ഥാനെ 17ആം ഓവറിൽ 3 റൺസും 18ആം ഓവറിൽ 7 റൺസും മാത്രം നൽകി സമ്മർദ്ദത്തിലാക്കി. അവസാന 2 ഓവറിൽ വേണ്ടിയിരുന്നത് 22 റൺസ് ആയിരുന്നു. 19ആം ഓവറിൽ 11 റൺസ് നേടിയതോടെ അവസാന ഓവറിൽ 11 റൺസ് എന്ന ലക്ഷ്യമായി.
ആദ്യ പന്തിൽ 3 റൺസും രണ്ടാം പന്തിൽ ഫോറും നേടിയപ്പോൾ പാകിസ്ഥാൻ ജയം നേടുമെന്ന് കരുതിയെങ്കിലും സിംബാബ്‌വെ തിരിച്ച് പിടിക്കുകയായിരുന്നു. അവസാന പന്തിൽ 3 റൺസ് വേണമെന്നപ്പോൾ രണ്ടാം റൺസിനായി ഓടുന്നതിനിടെ റൺഔട്ടിൽ കുടുക്കി. വിക്കറ്റ് കീപ്പർ റൺ ഔട്ട് പാഴാക്കുമെന്ന് കരുതിയെങ്കിലും ഒടുവിൽ തപ്പി തടഞ്ഞ് റൺഔട്ട് പൂർത്തിയാക്കി. ഇതോടെ 1 റൺസിന് ജയം നേടുകയായിരുന്നു സിംബാബ്‌വെ.
സിംബാബ്‌വെയ്ക്ക് വേണ്ടി 4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി സികന്ദർ റാസ മികച്ച പ്രകടനം നടത്തി. 4 ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി ബ്രാഡ് ഇവാൻസ് ജയത്തിൽ നിർണായക പങ്കുവഹിച്ചു. ബാറ്റിങ്ങിൽ 28 പന്തിൽ 31 റൺസ് നേടിയ സീൻ വില്യംസാണ് ടോപ്പ് സ്‌കോറർ.