ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം, ഇതോടെ ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ മുന്നിലെത്തി, നെതർലാൻഡിനെതിരെ 56 റൺസിനാണ് ഇന്ത്യ ജയിച്ച് കയറിയത്, ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 30 ഞായറാഴ്ച പെർത്തിൽ വെച്ച് കരുത്തരായ സൗത്ത് ആഫ്രിക്കക്കെതിരെയാണ്, സൗത്ത് ആഫ്രിക്കക്കെതിരെ കൂടി ജയിക്കാനായാൽ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ ഏറെക്കൂറെ ഉറപ്പിക്കാനാകും.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കെ.എൽ രാഹുൽ (9) പെട്ടന്ന് തന്നെ മടങ്ങിയെങ്കിലും പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും (53) മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് അതി വേഗത്തിൽ ചലിച്ചു, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.
രോഹിത് ശർമ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് ഇന്ത്യൻ സ്കോറിംഗിന് വേഗത കൂട്ടി, 25 ബോളിലാണ് പുറത്താകാതെ സൂര്യകുമാർ 51* റൺസ് നേടിയത്, മറുവശത്ത് കോഹ്ലിയും മികച്ച ഫോമിൽ ആയിരുന്നു 3 ഫോറും 2 സിക്സും അടക്കം 62* റൺസ് നേടി കോഹ്ലിയും പുറത്താകാതെ നിന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 179/2 എന്ന മികച്ച സ്കോറിൽ എത്തി.
കൂറ്റൻ ലക്ഷ്യം തേടി ഇറങ്ങിയ നെതർലാൻഡിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണ് കൊണ്ടിരുന്നപ്പോൾ അവരുടെ മുൻനിര തകർന്നു, 63/5 എന്ന നിലയിൽ തകർന്നടിഞ്ഞ നെതർലാൻഡിനെ 100 റൺസ് എങ്കിലും കടക്കാൻ സഹായിച്ചത് വാലറ്റക്കാർ കണ്ടെത്തിയ റൺസിലൂടെ ആയിരുന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ 129/9 എന്ന നിലയിൽ നെതർലാൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു,
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, അശ്വിൻ, അക്സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ പതിനഞ്ചാമത്തെ ഓവർ ചെയ്യാനെത്തിയ അശ്വിൻ നെതർലാൻഡ് താരം ടിം പ്രിൻഗിൾ അടിച്ച ബോൾ തന്റെ കാല് ഉപയോഗിച്ച് തട്ടി സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ശർമയ്ക്ക് നൽകിയ “ഫുട്ബോൾ സ്കിൽ” ടച്ച് ഉള്ള ഫീൽഡിങ് പ്രകടനം മികച്ചതായിരുന്നു, 4 ഓവർ എറിഞ്ഞ അശ്വിൻ വെറും 21 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
വീഡിയോ കാണാം :