Categories
Cricket Latest News Video

നോബോൾ ചോദിച്ചുവാങ്ങി വിരാട് കോഹ്‌ലി; നീരസത്തോടെ ഓടിയടുത്ത്‌ ഷക്കീബ്‌..വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ രണ്ടാം ഗ്രൂപ്പുകാരുടെ പോരാട്ടത്തിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. ഓപ്പണർ കെ എൽ രാഹുലിന്റെയും സൂപ്പർ താരം വിരാട് കോഹ്‌ലിയുടെയും അർദ്ധസെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. സൂര്യകുമാർ യാദവ് 16 പന്തിൽ അതിവേഗം 30 റൺസും എടുത്തു.

8 പന്തിൽ രണ്ട് റൺസ് മാത്രം എടുത്ത നായകൻ രോഹിത് ശർമ്മയെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. എങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും രാഹുലും 67 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 50 റൺസ് എടുത്ത രാഹുലിനെ ബംഗ്ലാ നായകൻ ഷക്കീബ് പുറത്താക്കി. പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇന്ത്യ ഒന്നാം പവർപ്ലേയിൽ ആറോവറിൽ 37/1 എന്ന നിലയിൽ ആയിരുന്നു. പിന്നീട് സൂര്യ എത്തിയതോടെ സ്കോറിങ്ങിന് വേഗംവച്ചു.

5 റൺസ് എടുത്ത ഹാർദിക് പാണ്ഡ്യ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 7 റൺസ് എടുത്ത ദിനേശ് കാർത്തിക് റൺഔട്ട് ആകുകയായിരുന്നു. അക്സർ പട്ടേലും 7 റൺസ് നേടി പുറത്തായി. 44 പന്തിൽ 64 റൺസ് എടുത്ത കോഹ്‌ലിയും 6 പന്തിൽ 13 റൺസ് എടുത്ത അശ്വിനും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഹസൻ മഹമൂദ് 3 വിക്കറ്റും നായകൻ ഷക്കീബ് അൽ ഹസൻ രണ്ട് വിക്കറ്റും വീഴ്ത്തി.

മത്സരത്തിനിടെ വിരാട് കോഹ്‌ലിയും ഷക്കീബ് അൽ ഹസനും നേർക്കുനേർ വന്നിരുന്നു. ഹസൻ മഹമൂദ് എറിഞ്ഞ പതിനാറാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു സംഭവം. തന്റെ തലയുടെ ഉയരത്തിൽ വന്ന പന്ത് കോഹ്‌ലി ലോങ് ലെഗിലെക്ക് കളിക്കുകയും ഉടനെ തന്നെ സ്ക്വയർലെഗ് അമ്പയറോട് നോബോൾ സിഗ്നൽ നൽകാൻ പറയുകയും ചെയ്തു. ഓവറിലെ രണ്ടാമത്തെ ഷോർട്ട് ബോൾ എറിഞ്ഞാൽ അമ്പയർ നോബോൾ വിളിക്കണം എന്നാണ് നിയമം.

അതനുസരിച്ച് അമ്പയർ നോബോൾ വിളിക്കുകയും അടുത്ത പന്തിൽ ഫ്രീഹിറ്റ് സിഗ്നൽ നൽകുകയും ചെയ്തു. അപ്പോഴേക്കും അവിടേയടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ കോഹ്‌ലിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. അത് വളരെ ഉയരത്തിൽ ആയിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എങ്കിലും അൽപ്പം കഴിഞ്ഞ് ഇരുവരും ചിരിച്ചുകൊണ്ട് തങ്ങളുടെ സ്ഥാനങ്ങളിലേക്ക് മടങ്ങുകയായിരുന്നു. ഫ്രീഹിറ്റ് ബോളിൽ ദിനേശ് കാർത്തികിന് ഫുൾ ടോസ് ബോൾ ലഭിച്ചെങ്കിലും ഒരു ലെഗ് ബൈ സിംഗിൾ എടുക്കാനെ കഴിഞ്ഞുള്ളൂ.

വീഡിയോ :

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ്‌ ഇരു ടീമുകളും ഇന്ന് ഇറങ്ങിയിരിക്കുന്നത്. ദീപക് ഹൂഡക്ക് പകരം അക്സർ പട്ടേൽ ഇന്ത്യയിലും സൗമ്യ സർക്കാരിന് പകരം ഷോറിഫുൾ ഇസ്ലാം ബംഗ്ലാദേശ് ടീമിലും ഇടംപിടിച്ചു.

Categories
Cricket Latest News Malayalam Video

ബുദ്ധി കൊണ്ട് കളിക്കുന്നവൻ ! റൺസ് സേവ് ചെയ്യാൻ ഫുട്ബാൾ സ്കിൽ പുറത്തെടുത്തു അശ്വിൻ ; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം, ഇതോടെ ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ മുന്നിലെത്തി, നെതർലാൻഡിനെതിരെ 56 റൺസിനാണ് ഇന്ത്യ ജയിച്ച് കയറിയത്, ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 30 ഞായറാഴ്ച പെർത്തിൽ വെച്ച് കരുത്തരായ സൗത്ത് ആഫ്രിക്കക്കെതിരെയാണ്, സൗത്ത് ആഫ്രിക്കക്കെതിരെ കൂടി ജയിക്കാനായാൽ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ ഏറെക്കൂറെ ഉറപ്പിക്കാനാകും.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കെ.എൽ രാഹുൽ (9) പെട്ടന്ന് തന്നെ മടങ്ങിയെങ്കിലും പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും (53) മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് അതി വേഗത്തിൽ ചലിച്ചു, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.

രോഹിത് ശർമ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് ഇന്ത്യൻ സ്കോറിംഗിന് വേഗത കൂട്ടി, 25 ബോളിലാണ് പുറത്താകാതെ സൂര്യകുമാർ 51* റൺസ് നേടിയത്, മറുവശത്ത് കോഹ്ലിയും മികച്ച ഫോമിൽ ആയിരുന്നു 3 ഫോറും 2 സിക്സും അടക്കം 62* റൺസ് നേടി കോഹ്ലിയും പുറത്താകാതെ നിന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 179/2 എന്ന മികച്ച സ്കോറിൽ എത്തി.

കൂറ്റൻ ലക്ഷ്യം തേടി ഇറങ്ങിയ നെതർലാൻഡിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണ് കൊണ്ടിരുന്നപ്പോൾ അവരുടെ മുൻനിര തകർന്നു, 63/5 എന്ന നിലയിൽ തകർന്നടിഞ്ഞ നെതർലാൻഡിനെ 100 റൺസ് എങ്കിലും കടക്കാൻ സഹായിച്ചത് വാലറ്റക്കാർ കണ്ടെത്തിയ റൺസിലൂടെ ആയിരുന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ 129/9 എന്ന നിലയിൽ നെതർലാൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു,
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, അശ്വിൻ, അക്സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ പതിനഞ്ചാമത്തെ ഓവർ ചെയ്യാനെത്തിയ അശ്വിൻ നെതർലാൻഡ് താരം ടിം പ്രിൻഗിൾ അടിച്ച ബോൾ തന്റെ കാല് ഉപയോഗിച്ച് തട്ടി സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ശർമയ്ക്ക് നൽകിയ “ഫുട്ബോൾ സ്കിൽ” ടച്ച്‌ ഉള്ള ഫീൽഡിങ് പ്രകടനം മികച്ചതായിരുന്നു, 4 ഓവർ എറിഞ്ഞ അശ്വിൻ വെറും 21 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

വീഡിയോ കാണാം :