ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തിൽ നെതർലൻഡ്സ് ടീമിനെതിരെ ഇന്ത്യക്ക് അനായാസ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ കുറിച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവരുടെ ബാറ്റിംഗ് നിശ്ചിത 20 ഓവറിൽ 123/9 എന്ന നിലയിൽ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ, അർഷദീപ് സിംഗ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് ഷമിയും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കരുത്ത് പകർന്നത് അർദ്ധസെഞ്ചുറി നേടിയ നായകൻ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിംഗ്സുകൾ ആയിരുന്നു. രോഹിത് ശർമ 39 പന്തിൽ 53 റൺസ് എടുത്ത് പുറത്തായി. കോഹ്‌ലി 44 പന്തിൽ 62 റൺസും സൂര്യ 25 പന്തിൽ 51 റൺസും എടുത്തു പുറത്താകാതെ നിന്നു.
ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ വെറും നാല് റൺസ് എടുത്ത് പുറത്തായ ഓപ്പണർ കെ എൽ രാഹുൽ ഇന്ന് ഒരിക്കൽകൂടി നിരാശപ്പെടുത്തി. 12 പന്തിൽ 9 റൺസ് എടുത്ത താരം വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് പുറത്തായത്. എന്നാൽ പിന്നീട് റീപ്ലേകളിൽ വ്യക്തമായി പന്ത് വിക്കറ്റിൽ കൊള്ളാതെ പോകുമായിരുന്നു എന്ന്; രാഹുൽ ആകട്ടെ റിവ്യൂ കൊടുക്കാൻ തയ്യാറായതുമില്ല. 204 സ്ട്രൈക്ക് റേറ്റിൽ വെടിക്കെട്ട് അർദ്ധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ഒരു സ്റ്റമ്പിംഗ് അവസരം നഷ്ടപ്പെടുത്തിയിരുന്നു. അക്സർ പട്ടേൽ എറിഞ്ഞ എട്ടാം ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു സംഭവം. ക്രീസ് വിട്ടിറങ്ങി ഒരു വൻ സ്ലോഗ് ഷോട്ട് കളിക്കാൻ ശ്രമിച്ച നെതർലാൻഡ്സ് താരം കോളിൻ അക്കേർമാന് പന്ത് ബാറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ല. പന്ത് കയ്യിലോതുക്കാൻ കാർത്തികിനും സാധിക്കാതെ വന്നതോടെ ബോളർ അക്സർ പട്ടേൽ തലയിൽ കൈവെക്കുന്നതും കാണാമായിരുന്നു.
കാർത്തികിന്റെ ഗ്ലവ്സിൽ തട്ടിയ പന്ത് ഷോർട്ട് ഫൈൻ ലെഗിലേക്ക് പോയതോടെ ഗാലറിയിൽ നിന്നും ധോണി… ധോണി… എന്നുപറഞ്ഞുള്ള ശബ്ദങ്ങൾ ഉയരുകയായിരുന്നു. ഇതിനുമുൻപും ഒരുപാട് അവസരങ്ങളിൽ ഇന്ത്യൻ വിക്കറ്റ്കീപ്പർമാർ പിഴവ് വരുത്തുമ്പോൾ ധോണി… ധോണി… എന്ന് കാണികൾ ഒച്ചവെക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു തന്ത്രശാലിയായ നായകൻ എന്നതിലുപരി ഒരു മികച്ച കീപ്പർ കൂടിയായിരുന്നു എംഎസ്ഡി.
വീഡിയോ :