ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ ടീം ഇന്ത്യക്ക് ടൂർണമെന്റിൽ ആദ്യമായി പരാജയമധുരം. ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെക്കൂടാതേ ഫീൽഡർമാർ ക്യാച്ച് വിട്ടുകളയുകയും, റൺഔട്ട് അവസരങ്ങൾ നഷ്ടമാക്കുകയും ചെയ്തതോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പൂർണപരാജയം ഏറ്റുവാങ്ങിയത്. പെർത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന് ആയിരുന്നു ദക്ഷിണാഫ്രിക്കൻ ടീമിന്റെ വിജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. ഇന്ത്യൻ ബാറ്റിംഗ് നിര പ്രോടീസ് പേസർമാർക്ക് മുന്നിൽ തകർന്നപ്പോൾ സൂര്യകുമാർ യാദവ് കാണിച്ച പോരാട്ടവീര്യം തോൽവിയിലും ഇന്ത്യയുടെ പ്രതീക്ഷകൾ ഉയർത്തുന്നു. ഒരു ഘട്ടത്തിൽ 49/5 ആയിരുന്ന ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത് 68 റൺസ് നേടിയ സൂര്യയുടെ മികവിലാണ്. ഇന്നിംഗ്സിൽ 40 പന്ത് അദ്ദേഹം നേരിട്ടിരുന്നു. ബാക്കി എല്ലാവരും ചേർന്ന നേരിട്ട 80 പന്തിൽ നിന്നും ആകെ മൊത്തം 57 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ എന്നതിൽ നിന്നുതന്നെ സൂര്യയുടെ ബാറ്റിംഗ് മികവ് മനസ്സിലാക്കാം.
അവർക്കുവേണ്ടി പേസർമാരായ ലുങ്കി എൻഗിഡി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈൻ പർണൽ മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 19.4 ഓവറിൽ വിജയലക്ഷ്യം മറികടന്നു. 52 റൺസ് എടുത്ത മാർക്രത്തിന്റെയും 59 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഡേവിഡ് മില്ലറിന്‍റെയും ഇന്നിങ്സുകൾ അവരുടെ വിജയം എളുപ്പമാക്കി. ഒരു ഘട്ടത്തിൽ 5.4 ഓവറിൽ 24/3 എന്ന നിലയിൽ തകർച്ച നേരിട്ട അവരെ ഇരുവരും ചേർന്ന് 76 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു കരകയറ്റി. ഇന്ത്യക്കായി അർഷദീപ് സിംഗ് രണ്ട് വിക്കറ്റും ഷമി, പാണ്ഡ്യ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി.
മത്സരത്തിലെ പതിമൂന്നാം ഓവറിൽ മാർക്രത്തിനെ റൺഔട്ട് ആക്കാനുള്ള ഒരു സുവർണാവസരം ഇന്ത്യൻ നായകൻ രോഹിത് ശർമ കളഞ്ഞുകുളിച്ചിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു അത്. ഡേവിഡ് മില്ലർ ആയിരുന്നു സ്ട്രൈക്കർ. ഷോർട്ട് പിച്ച് ആയിവന്ന പന്ത് അദ്ദേഹത്തിന്റെ ബാറ്റിന്റെ പിടിയിലോ/ഗ്ലവ്സിലോ തട്ടിയശേഷം കവർ ഏരിയയിലേക്ക് പോയി. മൂന്ന് സ്‌റ്റമ്പും മുന്നിൽ കാൺകെ ലഭിച്ച അനായാസ അവസരത്തിൽ ഒരു അണ്ടർആം ത്രോയിലൂടെ രോഹിത് വിക്കറ്റിൽ കൊള്ളിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. അന്നേരം മാർക്രമോ, ഫ്രെയിമിൽ പോലും ഉണ്ടായിരുന്നില്ല. തുടർന്നും കളി തുടർന്ന അദ്ദേഹം അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ ശേഷമാണ് പുറത്തായത്.
അശ്വിൻ എറിഞ്ഞ തൊട്ടുമുമ്പത്തെ പന്ത്രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ മാർക്രം നൽകിയ ഈസി ക്യാച്ച് വിരാട് കോഹ്‌ലിയും നിലത്തിട്ടിരുന്നു. ക്രീസിൽ നിന്നും ഇറങ്ങിവന്ന് ഡീപ് മിഡ് വിക്കറ്റിലേക്ക് അദ്ദേഹം ഷോട്ട് കളിച്ചപ്പോൾ പന്ത് നേരെ വന്നത് കോഹ്‌ലിയുടെ കൈകളിലേക്കായിരുന്നുവെങ്കിലും അത് ക്യാച്ച് ആയി കൺവേർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതുപോലെ തന്നെ ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഒൻപതാം ഓവറിന്റെ അഞ്ചാം പന്തിലും മാർക്രത്തിന്റെ ഒരു റൺഔട്ട് അവസരം രോഹിത് ശ്രമിച്ചെങ്കിലും അത് അൽപം ദുഷ്കരമായ ചാൻസ് ആയിരുന്നു.