ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ഒന്നിലെ പോരാട്ടത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അയർലൻഡിന് വൻ ബാറ്റിംഗ് തകർച്ച. 4 ഓവറിൽ വെറും 25 റൺസ് എടുക്കുന്നതിനിടെ അവർക്ക് 5 വിക്കറ്റുകൾ നഷ്ടമായി. ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ് വെൽ, പേസർ മിച്ചൽ സ്റ്റാർക്ക് എന്നിവർ തങ്ങൾ എറിഞ്ഞ ആദ്യ ഓവറിൽതന്നെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് പാറ്റ് കമിൻസും നേടി.
ആദ്യ ഓവർ എറിഞ്ഞ ജോഷ് ഹൈസൽവൂഡിന് നിർഭാഗ്യംകൊണ്ട് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു സംഭവം. അയർലൻഡ് നായകൻ ആൻഡ്രൂ ബാൽബർണി മിസ്സാക്കിയ പന്ത് നേരെ വിക്കറ്റ് കീപ്പർ മാത്യൂ വൈഡിന്റെ കൈകളിലേക്ക് പോകുന്ന നേരത്ത് ഒരു ചെറിയ ശബ്ദവും കേട്ടിരുന്നു. ബാറ്റിൽ തട്ടി എന്ന് കരുതിയ ഓസ്ട്രേലിയൻ താരങ്ങൾ കീപ്പർ ക്യാച്ചിന് അപ്പീൽ ചെയ്തെങ്കിലും അമ്പയർ നോട്ട്ഔട്ട് വിളിച്ചു. അവർ പിന്നെ അതിന് റിവ്യൂ നൽകിയുമില്ല.
എന്നാൽ പിന്നീട് റീപ്ലേകളിൽ വ്യക്തമായി പന്ത് വിക്കറ്റിൽകൊണ്ട ശബ്ദമാണ് കേട്ടതെന്ന്. ഓഫ് സ്റ്റമ്പിന് മുകളിൽ തട്ടി പന്ത് പോയെങ്കിലും ബൈൽസ് വീണില്ല. തൊട്ടടുത്ത പന്തിൽ ബാൾബർണി സിക്സ് അടിക്കുകയും ചെയ്തതോടെ ഓസീസ് താരങ്ങൾ നിർഭാഗ്യം തങ്ങളെ വേട്ടയാടുമോ എന്ന് കരുതിയെങ്കിലും രണ്ടാം ഓവറിൽ പാറ്റ് കമിൻസ് അദ്ദേഹത്തെ ക്ലീൻ ബോൾഡ് ആക്കി.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് നായകൻ ആൻഡ്രൂ ബാൽബർനി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്തു. നായകൻ ആരോൺ ഫിഞ്ച് 63 റൺസ് എടുത്ത് മുന്നിൽ നിന്നും നയിച്ചപ്പോൾ മർകസ് സ്റ്റോയിനിസ് 35 റൺസും മിച്ചൽ മാർഷ് 28 റൺസും നേടി മികച്ച പിന്തുണ നൽകി. അയർലണ്ടിനായി മക്കർത്തി 3 വിക്കറ്റും ജോഷ് ലിറ്റിൽ 2 വിക്കറ്റും വീഴ്ത്തി.