ബ്രിസ്‌ബൈനിലെ ഗാബാ സ്റ്റേഡിയത്തിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ഒന്നിലെ പോരാട്ടത്തിൽ ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് പൊരുതാവുന്ന ടോട്ടൽ. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അവർ 8 വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് നേടിയത്.
അഫ്ഗാൻ ഓപ്പണർമാരായ ഗുർബാസും ഗാനിയും ചേർന്ന് 6 ഓവറിൽ 42 റൺസ് നേടി മികച്ച തുടക്കമാണ് സമ്മാനിച്ചത്. എങ്കിലും പിന്നീടുള്ള ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ശ്രീലങ്കൻ ബോളർമാർ മത്സരത്തിൽ പിടിമുറുക്കി. 28 റൺസ് എടുത്ത ഗൂർബാസും 27 റൺസ് എടുത്ത ഗനിയുമാണ് ടോപ് സ്കോറർമാർ. ശ്രീലങ്കക്കായി സ്പിന്നർ ഹസരങ്ക 3 വിക്കറ്റും പേസർ കുമാര 2 വിക്കറ്റും വീഴ്ത്തി ബോളിങ്ങിൽ തിളങ്ങി.
മത്സരത്തിനിടെ അഫ്ഗാൻ താരം ഗുൽബദ്ദിൻ നൈബിന്റെ റൺഔട്ട് വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. സ്പിന്നർ മഹീഷ് തീക്ഷ്ണ എറിഞ്ഞ പതിനെട്ടാം ഓവറിൽ ആയിരുന്നു സംഭവം. രണ്ടാം പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്ന നായകൻ മുഹമ്മദ് നബി മിഡ് വിക്കറ്റിലേക്ക് കളിച്ച് റണ്ണിനായി ഓടി. ഡബിൾ ഓടാൻ ടൈറ്റ് ആയതുകൊണ്ട് നബി നോൺ സ്ട്രൈക്കർ എൻഡിൽ തുടർന്നു.
അപ്പോഴേക്കും ഡബിൾ ഓടാൻ തുടങ്ങിയ നൈബ് പിച്ചിന്റെ പകുതിയോളം ദൂരം പിന്നിട്ടുകഴിഞ്ഞിരുന്നു. അബദ്ധം പറ്റിയെന്ന് മനസ്സിലാക്കിയ അദ്ദേഹം തിരിഞ്ഞോടാൻ ശ്രമിക്കുന്നതിനിടയിൽ തെന്നിവീണു. കയ്യിൽ നിന്നും ബാറ്റ് വഴുതിപോയെങ്കിലും പിച്ചിൽ കിടന്നുരുണ്ട് ക്രീസിൽ എത്താൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും പന്ത് ലഭിച്ച വിക്കറ്റ് കീപ്പർ അനായാസം സ്റ്റമ്പ് പിഴുതു. വീഴ്ചയിൽ തോളിന് പരുക്കേറ്റ നൈബ് അൽപ്പനേരം അവിടെ ചിലവഴിച്ച ശേഷമാണ് ഡഗ് ഔട്ടിലേക്ക് മടങ്ങിയത്.
വീഡിയോ കാണാം: