ഇന്ത്യ ഉയർത്തിയ 307 വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ന്യുസിലാൻഡ് 28 ഓവർ പിന്നിട്ടപ്പോൾ 3ന് 134 എന്ന നിലയിലാണ്. ക്യാപ്റ്റൻ വില്യംസനും (53 പന്തിൽ 46) ടോം ലതാമുമാണ് (33 പന്തിൽ 27) ക്രീസിൽ. ഫിൻ അലൻ (22), കോണ്വെ (24), ഡാരിൽ മിച്ചൽ (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.
ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഉമ്രാൻ മാലിക്ക് 2 വിക്കറ്റും താക്കൂർ 1 വിക്കറ്റും നേടി. കോണ്വെ, മിച്ചൽ എന്നിവരുടെ വിക്കറ്റുകളാണ് ഉമ്രാൻ മാലിക്ക് വീഴ്ത്തിയത്. 16ആം ഓവറിലെ ആദ്യ പന്തിലാണ് അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യ വിക്കറ്റ് നേടിയത്. തൊട്ടടുത്ത പന്തിൽ 153 വേഗതയിൽ പന്തെറിഞ്ഞ് ഈ ടൂർണമെന്റിലെ വേഗതയേറിയ പന്തെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 20ആം ഓവറിലെ അഞ്ചാം പന്തിലാണ് ഉമ്രാനെ രണ്ടാം വിക്കറ്റ് തേടിയെത്തിയത്.
നേരെത്തെ ശ്രയസ് അയ്യർ (80), ധവാൻ (72), ഗിൽ (50) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മികച്ച നേടികൊടുത്തത്. 7 വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ് നേടിയിരുന്നു. അവസാന ഓവറുകളിൽ ആക്രമിച്ച് കളിച്ച വാഷിങ്ടൺ സുന്ദറാണ് ഇന്ത്യൻ 300 കടത്തിയത്. 16 പന്തിൽ 37 റൺസ് നേടിയിരുന്നു. മലയാളി താരം സഞ്ജു സാംസൺ 38 പന്തിൽ 36 റൺസ് അടിച്ചു കൂട്ടിയിരുന്നു.
ഓപ്പണിങ്ങിൽ എത്തിയ ധവാനും ഗിലും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസ് നേടി. 24ആം ഓവറിൽ ഫിഫ്റ്റി തികച്ച ശുബ്മാൻ ഗില്ലിനെ ഫെർഗൂസൻ പുറത്താക്കിയതോടെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായത്. തൊട്ടടുത്ത ഓവറിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ ധവാനും പുറത്തായി. സൗത്തിയുടെ ഡെലിവറിയിൽ ഫിൻ അലൻ ക്യാച്ച് എടുക്കുകയായിരുന്നു.