ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ തോൽവിയിലേക്ക് നീങ്ങുന്നു, കിവീസ് ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വെറും 219 റൺസ് എടുക്കാനെ സാധിച്ചുള്ളു, പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് 7 വിക്കറ്റിന് ജയിച്ചിരുന്നു, രണ്ടാം മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, രണ്ടാം ഏകദിനത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ ഒരു മാറ്റവുമായാണ് കിവീസ് കളത്തിലിറങ്ങിയത്.
തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ഗില്ലിനെയും (13) ക്യാപ്റ്റൻ ശിഖർ ധവാനെയും (28) വീഴ്ത്തിക്കൊണ്ട് ആദം മിൽനെ കിവീസിന് മികച്ച തുടക്കം സമ്മാനിച്ചു, പിന്നീട് ശ്രേയസ്സ് അയ്യർ ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും മറുവശത്ത് ഇടവേളകളിൽ വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു, പതിവ് തെറ്റിക്കാതെ റിഷഭ് പന്ത് (10) ഈ തവണയും പെട്ടന്ന് തന്നെ മടങ്ങി, പിന്നാലെ സൂര്യകുമാർ യാദവും (6) ആദ്യ ഏകദിനത്തിന് ശേഷം സഞ്ജു സാംസണ് പകരം ടീമിൽ എത്തിയ ദീപക് ഹൂഡയും (12) പുറത്തായത്തോടെ 149/6 എന്ന നിലയിൽ ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞു, 149/6 എന്ന നിലയിൽ നിന്ന് ഇന്ത്യയെ 200 കടക്കാൻ സഹായിച്ചത് വാലറ്റക്കാരെ കൂട്ട്പിടിച്ച് വാഷിംഗ്ടൺ സുന്ദർ നടത്തിയ ചെറുത്ത് നിൽപ്പാണ്, 64 ബോളിൽ 5 ഫോറും 1 സിക്സും അടക്കമാണ് താരം തന്റെ ഏകദിന കരിയറിലെ ആദ്യ അർധസെഞ്ച്വറി നേടിയത്.
മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് ഇത്തവണയും നിരാശപ്പെടുത്തി, 10 റൺസ് നേടിയ താരം അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഔട്ട് ആവുകയായിരുന്നു, ഡാരൽ മിച്ചലിന്റെ ബോളിൽ പുൾ ഷോട്ടിന് ശ്രമിച്ച റിഷഭ് പന്തിനെ ഡീപ്പ് സ്‌ക്വയർ ലെഗിൽ ഗ്ലെൻ ഫിലിപ്പ്സ് മികച്ച ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു, വൈറ്റ് ബോളിൽ ക്രിക്കറ്റിൽ തുടർച്ചയായി മോശം പ്രകടനം നടത്തിയിട്ടും വീണ്ടും വീണ്ടും റിഷഭ് പന്തിന് അവസരം നൽകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ആണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്, ഔട്ട് ആയതിന് ശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ റിഷഭ് പന്തിനെ ടീമിന്റെ ഫിസിയോ അംഗങ്ങളിൽ ഒരാൾ മസ്സാജ് ചെയ്യുന്ന വീഡിയോ ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി, 10 റൺസ് എടുത്തതിനാണോ ഈ മസ്സാജ് എന്നാണ് പല ക്രിക്കറ്റ് ആരാധകരും പരിഹാസത്തോടെ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.