പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇടം കയ്യിൽ ബാറ്റ് ചെയ്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. വലം കയ്യൻ ബാറ്ററായ റൂട്ട് രണ്ടാം ഇന്നിംഗ്‌സിൽ ഫിഫ്റ്റി നേടിയതിന് പിന്നാലെയാണ് പരീക്ഷണവുമായി എത്തിയത്. സാഹിദ് മഹമൂദിന്റെ ഓവറിലായിരുന്നു ബാറ്റിങ് ഇടം കയ്യിലേക്ക് മാറ്റിയത്.
ആദ്യ ഡെലിവറി തന്നെ സ്വീപ് ഷോട്ട് കളിച്ച റൂട്ട് തലനാരിഴയ്ക്കാണ് ക്യാച്ചിലൂടെ ഔട്ടാകാതെ രക്ഷപ്പെട്ടത്. റൂട്ടിന്റെ ഇടം കയ്യിലെ സ്വീപ് ഷോട്ട് കണ്ട് സൗത്താഫ്രിക്കൻ സ്പിന്നർ ശംസി പ്രശംസയുമായി എത്തിയിരുന്നു.
“വലംകൈയിൽ ബാറ്റ് ചെയ്യുമ്പോൾ പോലും എനിക്ക് സ്വീപ്പ് ഷോട്ട് നേരാവണ്ണം കളിക്കാൻ കഴിയില്ല, ഇവിടെ ജോ റൂട്ട് അത് ഇടംകൈയ്യിൽ നന്നായി കളിക്കുന്നു” എന്നായിരുന്നു ശംസി ട്വിറ്ററിൽ കുറിച്ചത്.
മത്സരം നാലാം ദിനം പുരോഗമിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 264 റൺസ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ലീഡ് 342ൽ എത്തിയിരിക്കുകയാണ്. റൂട്ട് (69 പന്തിൽ 73), ഹാരി ബ്രൂക്ക് (65 പന്തിൽ 87) എന്നിവരുടെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിൽ തുണയായത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 657ന് മറുപടിയായി ആദ്യ ഇന്നിംഗ്‌സിൽ 579 റൺസ് നേടിയിരുന്നു. ഷഫീഖ് (114), ഇമാമുൾ ഹഖ് (121), ബാബർ അസം (136) എന്നിവരാണ് പാകിസ്ഥാൻ വേണ്ടി തിളങ്ങിയത്. 473ൽ 5 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഉണ്ടായിരുന്ന പാകിസ്ഥാൻ ലീഡ് നേടാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും ബാബർ അസം റിസ്വാൻ കൂട്ടുകെട്ട് തകർന്നത് പാകിസ്ഥാന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായി.
ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറാണ് അടിച്ചു കൂട്ടിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ട് ബാറ്റർമാർ 101 ഓവറിൽ 657 റൺസ് അടിച്ചു കൂട്ടി. ഇംഗ്ലണ്ട് നിരയിൽ 4 പേർ സെഞ്ചുറി നേടിയിട്ടുണ്ട്. സാക്ക് ക്രോളി (122), ഡകറ്റ് (107), ഒല്ലി പോപ്പ് (108), ഹാരി ബ്രൂക്ക് (153) എന്നിവരാണ് സെഞ്ചുറി നേടിയത്. പാകിസ്ഥാൻ വേണ്ടി സാഹിദ് മഹമൂദ് 4 വിക്കറ്റും നസീം ഷാഹ് 3 വിക്കറ്റും നേടി.