ഈ വർഷത്തെ ആദ്യത്തെ മത്സരത്തിൽ തന്നെ വിജയത്തുടക്കം സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ടീം ഇന്ത്യ. ഇന്നലെ ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 2 റൺസിന്റെ ആവേശവിജയം നേടുകയായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തപ്പോൾ അവരുടെ മറുപടി 160 റൺസിൽ അവസാനിച്ചു. അരങ്ങേറ്റ മത്സരം കളിച്ച പേസർ ശിവം മാവി 4 വിക്കറ്റ് നേട്ടവുമായി തിളങ്ങി.
ആദ്യ രണ്ടോവറിൽ 26 റൺസ് നേടി വെടിക്കെട്ട് തുടക്കമാണ് ഇഷാൻ കിശാനും അരങ്ങേറ്റ മത്സരം കളിക്കുന്ന ഗില്ലും ചേർന്ന് നൽകിയത്. എങ്കിലും ഗിൽ 7 റൺസ് എടുത്ത് വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയും പിന്നീട് വന്ന ട്വന്റി ട്വന്റി ഒന്നാം റാങ്ക് ബാറ്റർ സൂര്യകുമാർ യാദവും 7 റൺസ് എടുത്ത് മടങ്ങുകയും ചെയ്തു. അതിനുശേഷം എത്തിയ മലയാളി താരം സഞ്ജു വി സാംസൺ നിരാശപ്പെടുത്തി. വെറും 5 റൺസ് മാത്രം എടുത്താണ് വൻ ഷോട്ട് കളിക്കാനുള്ള ശ്രമത്തിൽ സഞ്ജു പുറത്തായത്.
മത്സരത്തിൽ മറ്റൊരു രസകരമായ നിമിഷവും അരങ്ങേറിയിരുന്നു. സാധാരണ ബാറ്റർമാർ പേസർമാരുടെ യോർക്കർ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ചില സമയങ്ങളിൽ ഗ്രൗണ്ടിൽ തെന്നിവീഴുന്നത് കണ്ടിട്ടുണ്ട്. എന്നാലിന്ന് ഒരു സ്പിന്നർ എറിഞ്ഞ യോർക്കർ പന്തിൽ ഇന്ത്യൻ നായകൻ ഹാർധിക് പാണ്ഡ്യ തെന്നിവീഴുന്ന കാഴ്ച കാണാൻ കഴിഞ്ഞു. മഹീഷ് തീക്ഷ്ണ എറിഞ്ഞ പതിമൂന്നാം ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു അത്. അപ്രതീക്ഷിതമായി പന്ത് യോർക്കറായി വന്നപ്പോൾ പാണ്ഡ്യ ബാറ്റ് വെച്ച് തടുത്തുവെങ്കിലും ബാലൻസ് കിട്ടാതെ പിച്ചിൽ വീണുപോകുകയായിരുന്നു.