2023ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വിജയത്തുടക്കവുമായി പുതുവർഷം ആഘോഷിച്ച് ടീം ഇന്ത്യ. ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 2 റൺസ് വിജയം.
ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന പേസർ ശിവം മാവി നാലോവറിൽ വെറും 22 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി ഗംഭീരമാക്കി. ഹർഷൽ പട്ടേലും ഉമ്രാൻ മാലിക്കും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നല്ല രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് തകർച്ച നേരിട്ടു. ഒടുവിൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഹൂഡയും അക്ഷറും കൂടി അവസാന ആറോവറിൽ 68 റൺസ് അടിച്ചുകൂട്ടിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഹൂഡ 41 റൺസോടെയും അക്ഷർ 31 റൺസോടെയും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഓപ്പണർ കിഷൻ 37 റൺസും നായകൻ പാണ്ഡ്യ 29 റൺസും എടുത്തു പുറത്തായി. ലോക ഒന്നാം നമ്പർ ട്വന്റി ട്വന്റി ബാറ്റർ സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസനും അരങ്ങേറ്റ മത്സരം കളിക്കുന്ന ഗില്ലും നിരാശപ്പെടുത്തി.
മത്സരത്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ക്യാച്ച് എടുക്കുകയുണ്ടായി. ഉമ്രാൻ മാലിക് എറിഞ്ഞ എട്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ശ്രീലങ്കൻ ടീമിലെ മികച്ചൊരു ടോപ് ഓർഡർ താരമായ ചരിത്ത് അസലങ്കയെ പുറത്താക്കാൻ അദ്ദേഹം വിക്കറ്റിന് പിന്നിൽനിന്ന് ഫൈൻ ലെഗ് ബൗണ്ടറിയുടെ അടുത്തു വരെ ഓടിച്ചെന്നാണ് ഒരു മികച്ച ഡൈവിങ് ക്യാച്ചിലൂടെ പുറത്തേക്കുള്ള വഴി കാണിച്ചത്. ഫൈൻ ലെഗ് ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഹർശൽ പട്ടേലിന് അനായാസം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുമായിരുന്ന ക്യാച്ച് കയ്യിൽ ഗ്ലൗ ഉള്ളതുകൊണ്ട് കിഷൻ ഓടിച്ചെന്ന് സ്വയം വിളിച്ച് എടുക്കുകയായിരുന്നു.
വീഡിയോ :