Categories
Cricket Latest News

“നോബോള്‍ എറിയുന്നത് കുറ്റകരമാണ് ” തോൽവിയുടെ കാരണം തുറന്നു പറഞ്ഞു ഹർഡിക് പാണ്ഡ്യ

മുംബൈയിലെ രണ്ട് റൺസ് പരാജയത്തിന് പുണെയിൽ 16 റൺസ് വിജയവുമായി ശ്രീലങ്ക തിരിച്ചടിച്ചപ്പോൾ ശനിയാഴ്ച രാജ്കോട്ടിൽ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി ട്വന്റി മത്സരം ഇരുടീമുകൾക്കും നിർണായകമായി. ഇന്നലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി 8 വിക്കറ്റിന് 190 റൺസിൽ ഒതുങ്ങി.

മുൻനിര അമ്പെ പരാജയപ്പെട്ട റൺചേസിൽ 65 റൺസ് എടുത്ത അക്ഷർ പട്ടേൽ, 51 റൺസ് എടുത്ത സൂര്യകുമാർ യാദവ്, 26 റൺസ് എടുത്ത പേസർ ശിവം മാവി എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയുടെ പരാജയഭാരം കുറച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കൻ ടീമിനായി 33 റൺസ് എടുത്ത പത്തും നിസ്സങ്കയും 52 റൺസ് എടുത്ത കുശാൽ മെൻഡിസും ചേർന്ന് ആദ്യ വിക്കറ്റിൽ എട്ടോവറിൽ നേടിയത് 80 റൺസ്. പിന്നീട് വന്നവർ പെട്ടെന്ന് മടങ്ങിയപ്പോൾ, 19 പന്തിൽ 37 റൺസ് എടുത്ത ചരിത്ത് അസലങ്കയും 22 പന്തിൽ 56 റൺസ് എടുത്ത് പുറത്താകാതെ നിന്ന നായകൻ ദാസുൻ ശനാകയും ചേർന്ന് ആഞ്ഞടിച്ച് അവരെ 200 കടത്തുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ ആകെ 7 നോബോളുകളാണ് എറിഞ്ഞത്. അതിൽ അഞ്ചും എറിഞ്ഞത് ഇന്നലത്തെ മത്സരത്തിൽ ഹർശൽ പട്ടേലിന് പകരം ടീമിലെത്തിയ അർഷദീപ് സിംഗ്! തന്റെ ആദ്യ ഓവറിൽ തന്നെ 19 റൺസ് വിട്ടുകൊടുത്ത അദ്ദേഹം ശ്രീലങ്കൻ ടീമിന് മികച്ച തുടക്കം കുറിക്കാൻ സഹായിച്ചു. അതിൽ അവസാന ഒരു പന്തിൽ മാത്രം 14 റൺസ്, കാരണം അടുപ്പിച്ച് 3 നോബോളും അതിന്റെ ഫ്രീഹിറ്റും ഉൾപ്പെടെ. മത്സരത്തിന്റെ രണ്ടാം ഓവറിനുശേഷം താരത്തെ ബോളിങ്ങിൽ നിന്നും പിൻവലിച്ചു. പിന്നെ പത്തൊമ്പതാം ഓവറിൽ ആണ് തിരിച്ചെത്തിയത്. ആ ഓവറിലും എറിഞ്ഞു 2 നോബോൾ. അതിലൊന്നിൽ ശ്രീലങ്കൻ നായകൻ ശനകയുടെ ക്യാച്ച് ഔട്ട് ആഘോഷിക്കുകയും ചെയ്തിരുന്നു. ജീവൻ ലഭിച്ച ശനക അവസാന ഓവറിൽ അടിച്ചുതകർത്ത് സ്കോർ 206ൽ എത്തിച്ചു.

ഇങ്ങനെ നോബോളുകളിലൂടെയും അതിന്റെ ഫ്രീഹിറ്റ് ഉൾപ്പെടെ 27 റൺസാണ് ഇന്ത്യൻ ബോളർമാർ ശ്രീലങ്കൻ ടീമിന് സംഭാവന നൽകിയത്. ഇന്ത്യ പരാജയം സമ്മതിച്ചത് വെറും 16 റൺസ് മാർജിനിലാണ് എന്ന് ഓർക്കുമ്പോൾ ഇതിന്റെ പ്രാധാന്യം മനസ്സിലാകും. മത്സരത്തിന് ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ നായകൻ ഹാർധിക് പാണ്ഡ്യ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അനാവശ്യമായി ഒരുപാട് നോബോൾ വന്നത് പരാജയത്തിന് കാരണമായി ഭവിച്ചുവെന്ന്. താൻ അർഷദീപ് സിംഗിനെ കുറ്റപ്പെടുത്തുകയല്ലെന്നും ഈ ലെവലിൽ കളിക്കുമ്പോൾ പ്രാഥമികമായ തെറ്റുകൾ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൺസ് അൽപം വഴങ്ങിയാലും പ്രശ്നമില്ല, പക്ഷേ നോബോൾ എറിയുന്നത് ഒരു കുറ്റം തന്നെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *