രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ കൂറ്റൻ സ്കോർ ലക്ഷ്യമാക്കി മുന്നേറുന്നു. 17 ഓവറിൽ 194/5 എന്ന നിലയിലാണ് ടീം ഇന്ത്യ. അക്ഷർ പട്ടേലും സൂര്യകുമാർ യാദവുമാണ് ക്രീസിൽ. 46 റൺസ് എടുത്ത ഓപ്പണർ ഗില്ലിന്റെയും 4 റൺസ് വീതം എടുത്ത നായകൻ പാണ്ഡ്യയുടെയും ദീപക് ഹൂഡയുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഒടുവിൽ നഷ്ടമായത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇന്നും നിലനിർത്തിയത്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എങ്കിലും വിക്കറ്റ് കീപ്പർ ഓപ്പണർ ഇഷാൻ കിശനെ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നീടെത്തിയ രാഹുൽ ത്രിപാഠി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഗിൽ ഏകദിന ശൈലിയിൽ കളിച്ച് വിക്കറ്റ് കളയാതെ ബാറ്റ് ചെയ്യുകയായിരുന്നു. 16 പന്തിൽ 35 റൺസ് എടുത്ത ത്രിപാഠി ആറാം ഓവറിലാണ് പുറത്തായത്.
ത്രിപാഠി നിർത്തിയിടത്ത് നിന്ന് തുടങ്ങിയ സൂര്യകുമാർ യാദവ് വെടിക്കെട്ട് ബാറ്റിംഗിലൂടെ തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി. രാജ്യാന്തര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റർ എന്ന പദവിക്ക് അനുസൃതമായ ബാറ്റിംഗ് കാഴ്ച്ചവെക്കുകയാണ് അദ്ദേഹം.
മത്സരത്തിൽ ദിൽഷൻ മധുശങ്ക എറിഞ്ഞ പതിമൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ സൂര്യയുടെ വക കിടന്നുകൊണ്ടുള്ള ഒരു സിക്സും ഉണ്ടായിരുന്നു. ഹൈ ഫുൾ ടോസ് പന്തിൽ മുൻകൂട്ടി തന്നെ പാഡിൽ സ്വീപ് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ നേരെ നെഞ്ചത്തേക്ക് പന്ത് വന്നപ്പോൾ തന്റെ വലത്തുവശത്തേക്ക് ചാഞ്ഞുവീണുകൊണ്ട് വിക്കറ്റിന് പിന്നിലേക്ക് കിടിലൻ സ്കൂപ്പ് ഷോട്ട് സിക്സ്!!! തുടർന്ന് ആ ഓവറിൽ തന്നെ ഒരു ഫോറും ഒരു സിക്‌സും കൂടി അദ്ദേഹം നേടി.
വീഡിയോ :