ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നലെ 67 റൺസിന് വിജയിച്ച ടീം ഇന്ത്യ, ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നൊരുക്കങ്ങൾക്ക് ശുഭാരംഭം കുറിച്ചു. ഗുവാഹത്തിയിലെ ബർസാപാരാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യ സെഞ്ചുറി നേടിയ കോഹ്‌ലിയുടെയും അർദ്ധസെഞ്ചുറികൾ നേടിയ നായകൻ രോഹിത് ശർമയുടെയും യുവതാരം ഗില്ലിന്റെയും മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് എടുത്തു. ശ്രീലങ്കയ്‌ക്കായി നായകൻ ദാസുൻ ശനാക സെഞ്ചുറി നേടി പുറത്താകാതെ നിന്നുവെങ്കിലും അവരുടെ ഇന്നിങ്സ് 306/8 എന്ന നിലയിൽ അവസാനിച്ചു.
ഒന്നാം വിക്കറ്റിൽ 19.4 ഓവറിൽ 143 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരായ നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത് സ്വപ്നതുല്യമായ തുടക്കം. രോഹിത് 83 റൺസും ഗിൽ 70 റൺസും എടുത്ത് പുറത്തായി. പിന്നീട് എത്തിയ ശ്രേയസ് അയ്യർക്ക് 28 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. എങ്കിലും നാലാം വിക്കറ്റിൽ രാഹുലും കോഹ്‌ലിയും 90 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. രാഹുൽ 39 റൺസ് എടുത്ത് പുറത്തായി. ഹാർദിക് 14 റൺസും അക്സർ പട്ടേൽ 9 റൺസും എടുത്തു പുറത്തായെങ്കിലും ബാറ്റിംഗ് തുടർന്ന കോഹ്‌ലി തന്റെ കരിയറിലെ 73 ആം സെഞ്ചുറി നേട്ടം പൂർത്തിയാക്കി. 113 റൺസ് എടുത്ത് പുറത്തായ കോഹ്‌ലി തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
374 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ടീമിനെ വരവേറ്റത് പവർപ്ലെയിൽ തന്നെ മികച്ച ബോളിങ് കാഴ്ചവച്ച് രണ്ട് വിക്കറ്റ് വീഴ്ത്തിയ സിറാജ്. എങ്കിലും 72 റൺസ് എടുത്ത ഓപ്പണർ പത്തും നിസ്സങ്കായും 47 റൺസ് എടുത്ത ദനഞ്ജയ ഡി സിൽവയും ചേർന്ന് അവരെ കരകയറ്റി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളർമാർ മത്സരം ശ്രീലങ്കയിൽ നിന്നകറ്റി. എങ്കിലും ഒരറ്റത്ത് അവസാനം വരെ പൊരുതിനിന്ന നായകൻ ശനാകക്ക് അവരുടെ പരാജയഭാരം കുറയ്ക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. 98 റൺസിൽ നിൽക്കെ അദ്ദേഹത്തെ ബോളിങ് എൻഡിൽ ഷമി റൺഔട്ട് ആക്കിയെങ്കിലും രോഹിത് ഇടപെട്ട് അപ്പീൽ പിൻവലിച്ച് താരത്തെ തിരികെ വിളിക്കുകയായിരുന്നു. തുടർന്ന് സെഞ്ചുറി പൂർത്തിയാക്കിയ അദ്ദേഹം 108 റൺസോടെ പുറത്താകാതെ നിന്നു.
മത്സരത്തിൽ ഇന്ത്യൻ പേസർ ഉംറാൻ മാലിക്ക് 3 വിക്കറ്റ് വീഴ്ത്തിയിരുന്നു. അദ്ദേഹം എറിഞ്ഞ നാൽപ്പത്തിരണ്ടാം ഓവറിന്റെ ആദ്യ പന്തിൽ നായകൻ രോഹിത് ശർമ പരുക്ക് വകവയ്ക്കാതെ ഒരു മികച്ച ക്യാച്ച് എടുക്കാൻ ശ്രമിച്ചിരുന്നു. ലെങ്ങ്‌ത് ബോളിൽ ഉയർത്തിയടിച്ച ശനാക ബൗണ്ടറി എന്ന് വിചാരിച്ച് നിന്നപ്പോൾ മിഡ് ഓഫിൽ നിൽക്കുകയായിരുന്ന രോഹിത് തന്റെ പുറകിലേക്ക് ഓടി ബൗണ്ടറിലൈനിൽവച്ച് വായുവിൽ ഉയർന്നു പന്ത് കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചുവെങ്കിലും അത് വഴുതിപോകുകയും ബൗണ്ടറിയാകുകയും ചെയ്തു. എങ്കിലും ഇടത്തെ തള്ളവിരലിൽ നേരത്തെ മുറിവേറ്റ് ബാൻഡേജ് ഇട്ടിട്ടും ഇത്ര കഷ്ടപ്പെട്ട് ക്യാച്ച് എടുക്കാൻ ഇത്രയും ദൂരം ഓടി ശ്രമിച്ചുനോക്കിയ അദ്ദേഹം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
വീഡിയോ :