കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ നാല് വിക്കറ്റിന് തകർത്ത ടീം ഇന്ത്യക്ക് ഒരു മത്സരം ബാക്കിനിൽക്കെ പരമ്പര സ്വന്തം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 39.4 ഓവറിൽ വെറും 215 റൺസിന് ഓൾഔട്ടായി. 43.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ടീമിലേക്കുള്ള മടങ്ങിവരവിൽ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ഇന്ത്യയുടെ വിജയറൺ നേടുകയും ചെയ്ത കുൽദീപ് യാദവാണ് കളിയിലെ താരം.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദാസുൻ ശാനാക ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കൻ നിരയിൽ പേസർ ദിൽഷൻ മധുഷങ്കയ്ക്കും ഓപ്പണർ പത്തും നിസ്സങ്കയ്ക്കും പകരം ലഹിരു കുമാരയും അരങ്ങേറ്റ മത്സരം കളിക്കുന്ന നുവനിന്ദു ഫെർണാണ്ടോയും ഇടംപിടിച്ചു. ടീം ഇന്ത്യയാകട്ടെ കഴിഞ്ഞ മത്സരം വിജയിച്ച ടീമിൽ നിന്നും ഒരു മാറ്റം മാത്രമാണ് വരുത്തിയത്. ലെഗ് സ്പിന്നർ ചഹലിന് പകരം ചൈനാമാൻ ബോളർ കുൽദീപ് യാദവിനെ ഉൾപ്പെടുത്തി.
അതിനിടെ ഇന്ത്യൻ ടീമിന് നാണക്കേടായി വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ സഹതാരങ്ങളെ മോശം ഭാഷയിൽ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇന്ത്യൻ ടീമിന്റെ ബോളിങ് സമയത്ത് പതിനൊന്നാം ഓവറിനുശേഷമായിരുന്നു സംഭവം. കുടിക്കാൻ വെള്ളം കൊണ്ടുവരാൻ വൈകിയതിന് ആയിരുന്നു പാണ്ഡ്യ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളോട് ചൂടായത്.
“നിങ്ങളോട് ഞാൻ കഴിഞ്ഞ ഓവറിൽ തന്നെ വെള്ളം ആവശ്യപ്പെട്ടതായിരുന്നല്ലോ.. നിങ്ങൾക്ക് അവിടെ എന്തായിരുന്നു പണി” എന്ന് ഹിന്ദിയിൽ തെറി വിളിച്ചു സംസാരിച്ചത് സ്റ്റമ്പ് മൈക്കിൽ പതിഞ്ഞിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.