Categories
Cricket Latest News

ഇന്ത്യ തകർച്ചയിൽ നിൽക്കുമ്പോൾ ഒരു ബോളിൽ 12 റൺസ് എടുത്തു അക്സർ പട്ടേൽ ; വീഡിയോ കാണാം

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ നാല് വിക്കറ്റിന് തകർത്ത ടീം ഇന്ത്യക്ക് ഒരു മത്സരം ബാക്കിനിൽക്കെ പരമ്പര സ്വന്തം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 39.4 ഓവറിൽ വെറും 215 റൺസിന് ഓൾഔട്ടായി. 43.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ടീമിലേക്കുള്ള മടങ്ങിവരവിൽ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ഇന്ത്യയുടെ വിജയറൺ നേടുകയും ചെയ്ത കുൽദീപ് യാദവാണ് കളിയിലെ താരം.

നേരത്തെ ശ്രീലങ്കൻ ടീമിൽ അർദ്ധസെഞ്ചുറിയുമായി തിളങ്ങിയ അരങ്ങേറ്റമത്സരം കളിച്ച ഓപ്പണർ നുവനിന്ദു ഫെർണാണ്ടോ ഒഴികെ മറ്റാർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളർമാർ മത്സരം തങ്ങളുടെ വരുതിയിലാക്കി. പേസർ സിറാജ്, സ്പിന്നർ കുൽദീപ് എന്നിവർ മൂന്നു വിക്കറ്റ് വീതവും ഉമ്രാൻ മാലിക് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ടോപ് ഓർഡർ തകർന്നപ്പോൾ ഒരു ഘട്ടത്തിൽ 86/4 എന്ന നിലയിൽ ആയിരുന്നു. എങ്കിലും വിക്കറ്റ് കീപ്പർ കെ എൽ രാഹുലും വൈസ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയും ചേർന്നുള്ള 75 റൺസ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. പാണ്ഡ്യ 36 റൺസ് എടുത്ത് പുറത്തായി. 64 റൺസ് എടുത്ത രാഹുലും 10 റൺസോടെ കുൽദീപും പുറത്താകാതെ നിന്നു. ഓൾറൗണ്ടർ അക്ഷർ പട്ടേൽ 21 പന്തിൽ അതിവേഗം 21 റൺസ് നേടിയാണ് പുറത്തായത്.

ഹാർദിക് പാണ്ഡ്യ പുറത്തായശേഷം ഇന്ത്യ അൽപം പ്രതിസന്ധിയിലായ നേരത്താണ് ഓൾറൗണ്ടർ അക്ഷർ പട്ടേൽ വമ്പനടികളുമായി സമ്മർദ്ദമകറ്റിയത്. ചാമിക കരുണരത്നെ എറിഞ്ഞ മുപ്പത്തിയേഴാം ഓവറിന്റെ രണ്ടാം പന്തിൽ മാത്രം ഇന്ത്യൻ സ്കോർ ബോർഡിലേക്ക് ചേർക്കപ്പെട്ടത് 12 റൺസ്! അത് എങ്ങനെയെന്നാൽ, ആദ്യം എറിഞ്ഞപ്പോൾ മികച്ചൊരു കവർ ഡ്രൈവ് കളിച്ച് അക്ഷർ ബൗണ്ടറി നേടി. ആ പന്തിൽ ഫ്രന്റ് ഫുട് നോബോൾ കൂടി ആയിരുന്നു. അതോടെ ഇന്ത്യക്ക് ഫ്രീഹിറ്റ് ലഭിച്ചു. തുടർന്ന് എറിഞ്ഞ പന്ത് വളരെ വൈഡ് ആയിപ്പോയി. അതോടെ വീണ്ടും ഒരിക്കൽ കൂടി ഫ്രീഹിറ്റ് ബോൾ. ഇപ്രാവശ്യം കിടിലനൊരു പുൾ ഷോട്ടിലൂടെ സിക്സ് നേടി അക്ഷർ തന്റെ മികവ് തെളിയിച്ചു.

വീഡിയോ :

https://twitter.com/minibus2022/status/1613549818793832449?s=20&t=FfSxXKW0MojEf13q-A1Ajw

Leave a Reply

Your email address will not be published. Required fields are marked *