Categories
Cricket Latest News

ടോപ് ഓർഡർ താരങ്ങളെ വരെ ഞെട്ടിക്കുന്ന അപ്പർ കട്ട്; നിർണായക ഘട്ടത്തിൽ കുൽദീപിന്റെ ബൗണ്ടറി കാണാം

കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് വിജയം. ഇതോടെ ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ഏകദിനത്തിന് മുൻപേ പരമ്പര ഇന്ത്യക്ക് സ്വന്തമായി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 39.4 ഓവറിൽ വെറും 215 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ 43.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു.

50 റൺസ് നേടി പുറത്തായ അരങ്ങേറ്റക്കാരൻ ഓപ്പണർ നുവനിന്ദു ഫെർണാണ്ടോ ശ്രീലങ്കൻ നിരയിലെ ടോപ് സ്കോററായി. വിക്കറ്റ് കീപ്പർ കുശാൽ മെൻദിസ് 34 റൺസും സ്പിന്നർ ദുനിത് വെല്ലാലാഗെ 32 റൺസും എടുത്തു. മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ഇന്ത്യക്കായി സിറാജ്, കുൽദീപ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി മികച്ചുനിന്നപ്പോൾ ഉമ്രാൻ മാലിക് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി മികച്ച പിന്തുണ നൽകി.

കുഞ്ഞൻ ടോട്ടൽ പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായത് കല്ലുകടിയായി. കഴിഞ്ഞ മത്സരത്തിൽ അർദ്ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണർമാരായ നായകൻ രോഹിത് ശർമ 17 റൺസും ശുഭ്മൻ ഗിൽ 21 റൺസും എടുത്തു പുറത്തായി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി കളിയിലെ താരമായ വിരാട് കോഹ്‌ലി ആകട്ടെ ഒരു ബൗണ്ടറി നേടിയ ശേഷം അടുത്ത പന്തിൽ ക്ലീൻ ബോൾഡ് ആയി പുറത്തായി. ശ്രേയസ് അയ്യർ ആകട്ടെ കഴിഞ്ഞ മത്സരത്തിലെ അതേ സ്കോറായ 28 റൺസിൽ തന്നെ ഔട്ടായി. ഇന്ത്യ 86/4 എന്ന നിലയിൽ പ്രതിസന്ധിയിൽ ആയെങ്കിലും അഞ്ചാം വിക്കറ്റിൽ രാഹുലും പാണ്ഡ്യയും 75 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. പാണ്ഡ്യ 36 റൺസും പിന്നീടെത്തിയ അക്ഷർ പട്ടേൽ 21 റൺസും എടുത്തു പുറത്തായി. 64 റൺസ് എടുത്ത രാഹുലും കുൽദീപ് യാദവും പുറത്താകാതെ നിന്നു.

മത്സരത്തിൽ 10 പന്തിൽ 10 റൺസോടെ പുറത്താകാതെ നിന്ന കുൽദീപ് രണ്ട് ബൗണ്ടറികളാണ് നേടിയത്. അതിലൊന്ന് വിജയറൺ കുറിച്ച ലോങ് ഓഫിലേക്ക്‌ തട്ടിയിട്ട ബൗണ്ടറി. മറ്റൊന്ന് അദ്ദേഹത്തിന്റെ ക്ലാസ്സ് വ്യക്തമാക്കുന്ന ഒരു ബൗണ്ടറി ആയിരുന്നു. ശ്രീലങ്കൻ പേസർ ലാഹിരു കുമാര എറിഞ്ഞ ഷോർട്ട് ബോളിൽ ക്രീസിൽ തന്നെ നിന്നുകൊണ്ട് ബാക്ക്വേർഡ് പോയിന്റിന് മുകളിലൂടെ അപ്പർ കട്ട് ഷോട്ട് കളിക്കുകയായിരുന്നു. നേരത്തെ കസുൻ രജിത എറിഞ്ഞ ഓവറിന്റെ അവസാന പന്തിൽ ഷോർട്ട് ബോളിൽ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ഹെൽമെറ്റിൽ പന്ത് പതിച്ചിരുന്നു. ആ വീക്ക്‌ പോയിന്റ് മനസ്സിലാക്കിയാണ് ലാഹീരു കുമാരയും ഷോർട്ട് ബോൾ എറിഞ്ഞതെങ്കിലും ഒരു കിടിലൻ ബൗണ്ടറിയിലൂടെ കുൽദീപ് മറുപടി നൽകുകയായിരുന്നു. നേരത്തെ ബോളിങ്ങിലും തിളങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

വീഡിയൊ :

Leave a Reply

Your email address will not be published. Required fields are marked *