ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച SA T-20 ലീഗിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. 6 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഈ എല്ലാ ടീമുകളുടെയും ഓഹരി പങ്കാളിത്തം ഐപിഎൽ ടീമുകളുടെ ഫ്രാഞ്ചൈസികൾക്കാണ്. അതുകൊണ്ട് തന്നെ ഒരു ‘മിനി ഐപിഎൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലീഗിൽ കളിക്കുന്ന ടീമുകൾ പാൾ റോയൽസ്, MI കേപ്പ് ടൗൺ, ജോബർഗ് സൂപ്പർ കിംഗ്സ്, ദർബൻ സൂപ്പർ ജയന്റ്‌സ്, പ്രെട്ടോറിയ ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് എന്നിവയാണ്.
ടൂർണമെന്റിന്റെ ഉദ്ഘാടനമത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഓഹരി പങ്കാളിത്തമുള്ള പാൾ റോയൽസും മുംബൈ ഇന്ത്യൻസ് ടീമിന്റെ ഓഹരി പങ്കാളിത്തമുള്ള MI കേപ്പ് ടൗൺ ടീമുമാണ് ഏറ്റുമുട്ടിയത്. ഡേവിഡ് മില്ലർ നായകനായ റോയൽസ് ടീം റാഷിദ് ഖാൻ നയിച്ച ഇന്ത്യൻസ് ടീമിനോട് എട്ട് വിക്കറ്റിന് പരാജയപ്പെടുകയാണ് ഉണ്ടായത്. വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലർ അർദ്ധസെഞ്ചുറി നേടിയും നായകൻ മില്ലർ 42 റൺസ് എടുത്തും തിളങ്ങിയെങ്കിലും ടീമിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. MI ഓപ്പണർ യുവതാരം ദേവാൾഡ് ബ്രവിസ് പുറത്താകാതെ 70 റൺസ് എടുത്തപ്പോൾ 15 ഓവറിൽ തന്നെ വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു.
പാൾ റോയൽസ് ടീമിന്റെ ഒരു ഇന്റർവ്യൂ സെഷനിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലറോട് താങ്കളുടെ ടീമിലേക്ക് രണ്ട് താരങ്ങളെ കൂടി ഉൾപ്പെടുത്താൻ ഒരവസരം നൽകുകയാണെങ്കിൽ ആരെ ഉൾപ്പെടുത്തും എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ബട്ട്‌ലർ ആദ്യംതന്നെ പറഞ്ഞത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു സാംസന്റെ പേരാണ്. രാജസ്ഥാൻ റോയൽസ് ടീമിൽ ഇരുവരും സഹതാരങ്ങളാണ്.
സഞ്ജുവിന്റെ ബാറ്റിംഗിനെകുറിച്ചും ക്യാപ്റ്റൻസിയെക്കുറിച്ചും പല സന്ദർഭങ്ങളിലും ജോസ് ബട്ട്‌ലർ വാചാലനായിട്ടുണ്ട്. ഇരുതാരങ്ങളും തമ്മിൽ മികച്ച സൗഹൃദവും സൂക്ഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും അവർ കമന്റ് ഇടുന്നത് നിത്യസംഭവമാണ്. സഞ്ജുവിനെ കൂടാതെ മുൻ റോയൽസ് താരം ബെൻ സ്റ്റോക്സിനെ കൂടി ഉൾപ്പെടുത്താൻ ആണ് ജോസ് ആഗ്രഹം പ്രകടിപ്പിച്ചത്.