കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ടീം കൂറ്റൻ സ്കോർ ലക്ഷ്യമാക്കി മുന്നേറുന്നു. ഇന്ത്യക്കായി ഓപ്പണർ ഗിൽ, കോഹ്‌ലി എന്നിവർ സെഞ്ചുറി നേട്ടം കൈവരിച്ചു. നായകൻ രോഹിത് ശർമ 42 റൺസും ശ്രേയസ് അയ്യർ 38 റൺസും എടുത്തു പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ, നേരത്തെതന്നെ പരമ്പര സ്വന്തം പേരിലാക്കിയിരുന്നു. മത്സരത്തിൽ വൈസ് ക്യാപ്റ്റൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കും പേസർ ഉമ്രാൻ മാലിക്കിനും ടീം മാനേജ്മെന്റ് വിശ്രമം നൽകിയപ്പോൾ സൂര്യകുമാർ യാദവും സ്പിന്നർ വാഷിങ്ടൺ സുന്ദറും ടീമിലെത്തി.
മത്സരത്തിന്റെ നാൽപ്പത്തിമൂന്നാം ഓവറിന്റെ അഞ്ചാം പന്തിൽ എല്ലാവരെയും നടുക്കിയ ഒരു നിമിഷം അരങ്ങേറിയിരുന്നു. ചമിക കരുണരത്‌നേ എറിഞ്ഞ പന്തിൽ, 95 റൺസിൽ നിൽക്കുകയായിരുന്ന വിരാട് കോഹ്‌ലി പുൾ ഷോട്ട് കളിച്ചപ്പോൾ, പന്ത് ഡീപ് മിഡ് വിക്കറ്റിനും ഡീപ് സ്ക്വയർ ലെഗ്ഗിനും ഇടയിലുളള ബൗണ്ടറിയിലേക്ക് നീങ്ങി. ഇരു ഫീൽഡർമാരും ഒരേ സമയം പന്ത് ബൗണ്ടറി കടക്കാതിരിക്കാൻ ഡൈവ് ചെയ്തപ്പോൾ കൂട്ടിയിടിച്ചു വീഴുകയും പന്ത് അതിർത്തിവര കടക്കുകയും ചെയ്തു.
ഇന്ന് പരമ്പരയിൽ ആദ്യമായി ശ്രീലങ്കൻ നിരയിൽ അവസരം ലഭിച്ച രണ്ട് താരങ്ങളായ അശേൻ ബന്ദാരയും ജെഫ്രി വാണ്ടെർസയുമാണ് നിർഭാഗ്യവശാൽ കൂട്ടിയിടിച്ചത്. തുടർന്ന് ഇരുവരും എഴുനേൽക്കാൻ ആകാതെ ഗ്രൗണ്ടിൽ വീണുകിടന്നത് അൽപനേരം പരിഭ്രാന്തി പരത്തി. തുടർന്ന് ശ്രീലങ്കൻ ടീമിലെയും ഇന്ത്യൻ ടീമിലെയും ഫിസിയോമാർ ഓടിയെത്തി പരിശോധിക്കുകയും താരങ്ങളെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവർക്ക് പകരം ഇന്ന് വിശ്രമം ലഭിച്ച രണ്ട് ശ്രീലങ്കൻ താരങ്ങളായ ദനഞ്ജയ ഡെസിൽവയും ദുനിത്ത് വെല്ലാലാഗെയും കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങേണ്ടിവന്നു. ഏതാനും മിനിട്ടുകൾക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ വിരാട് കോഹ്‌ലി സിംഗിൾ എടുത്ത് തന്റെ സെഞ്ചുറി പൂർത്തിയാക്കി.